ഇറാൻ്റെ മറുപടി പൂർണ്ണമായും അംഗീകരിക്കാനാവില്ല; ട്രംപ്

Trump

അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണം പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വഴി ഇറാൻ നൽകിയ മറുപടി തള്ളിക്കൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. നയതന്ത്ര ചാനലുകൾ തുറന്നിട്ടിട്ടുണ്ടെങ്കിലും ഇറാന്റെ നിലപാടുകളിൽ യാതൊരു മൂല്യവുമില്ലെന്ന് ട്രംപ് ആവർത്തിച്ചു.

"ഇറാൻ്റെ പ്രതിനിധികൾ എന്ന് വിളിക്കപ്പെടുന്നവരിൽ നിന്നുള്ള മറുപടി ഞാൻ വായിച്ചു. എനിക്കിത് ഒട്ടും ഇഷ്ടപ്പെട്ടില്ല - ഇത് പൂർണ്ണമായും അംഗീകരിക്കാനാവില്ല!" ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതോടെ യുഎസ്-ഇറാൻ പോരാട്ടത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ വീണ്ടും മങ്ങുകയാണ്. അമേരിക്കയുടെ നിർദ്ദേശങ്ങൾ 'കീഴടങ്ങലിന്' തുല്യമാണെന്നും അത് ഏകപക്ഷീയമാണെന്നും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുദ്ധം വ്യാപിപ്പിക്കുമെന്ന് ട്രംപ്

നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന്റെ ബാക്കിയുള്ള സൈനിക ലക്ഷ്യസ്ഥാനങ്ങൾ കൂടി തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാന്റെ 70 ശതമാനം ലക്ഷ്യങ്ങളും തകർത്തു കഴിഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടാൽ ബാക്കി 30 ശതമാനം കൂടി തകർക്കാൻ യുഎസ് മടിക്കില്ലെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇറാന്റെ യുറേനിയം ശേഖരത്തെക്കുറിച്ചും ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചു. "നമുക്ക് ആവശ്യമുള്ളപ്പോൾ അത് പിടിച്ചെടുക്കും. സ്പേസ് ഫോഴ്സ് (Space Force) വഴി അത് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും അവിടേക്ക് അടുക്കാൻ ശ്രമിച്ചാൽ അവരെ തകർക്കും," ട്രംപ് പറഞ്ഞു.

2025 ജൂണിൽ യുഎസ് ബോംബിട്ട ആണവ നിലയങ്ങൾക്കടിയിൽ ഇറാന്റെ യുറേനിയം ശേഖരം ഒളിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ നിലവിൽ 60 ശതമാനം ശുദ്ധിയുള്ള 400 കിലോഗ്രാമിലധികം യുറേനിയം കൈവശം വെച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

പഴയ നിലപാടുകളെ വിമർശിച്ച് ട്രംപ്

മുൻ പ്രസിഡന്റ് ബരാക് ഒബാമ 2015-ലെ ആണവ കരാറിലൂടെ (JCPOA) ഇറാനെ ശക്തമാക്കുകയാണ് ചെയ്തതെന്ന് ട്രംപ് ആരോപിച്ചു. പതിറ്റാണ്ടുകളായി ഇറാൻ വാഷിംഗ്ടണുമായി കളി കളിക്കുകയാണെന്നും ഇനി അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "അവർ ഇനി നമ്മളെ നോക്കി ചിരിക്കില്ല," ട്രംപ് കൂട്ടിച്ചേർത്തു.

സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ യുറേനിയം ശേഖരം വിട്ടുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇറാൻ അത് കർശനമായി നിഷേധിച്ചു. തങ്ങളുടെ മണ്ണുപോലെ തന്നെ യുറേനിയവും പവിത്രമാണെന്നും അത് ആർക്കും വിട്ടുനൽകില്ലെന്നുമാണ് ഇറാന്റെ നിലപാട്. കഴിഞ്ഞ മാസം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹോർമുസ് കടലിടുക്കിന് സമീപം ഇപ്പോഴും യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്.

Tags

Share this story