'ഇറാൻ്റെ ശിലായുഗത്തിലേക്ക് ബോംബിട്ട് തകർക്കും'; കടുത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ സൈനിക നടപടി തുടരുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ക്രോസ് ഹാളിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ട്രംപിന്റെ വിവാദ പരാമർശം. വരും ആഴ്ചകളിൽ ഇറാനുമേൽ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അവരെ "ശിലായുഗത്തിലേക്ക്" (Stone Age) ബോംബിട്ട് തിരിച്ചയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് സൂചന നൽകിയെങ്കിലും, സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കടുത്ത നടപടികൾ ഇനിയും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ നാവിക-മിസൈൽ ശേഷി തകർക്കപ്പെട്ടുവെന്നും രാജ്യം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ആഗോള എണ്ണവില വർദ്ധിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചതായി ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടെങ്കിലും ഇറാൻ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. കടലിടുക്ക് തുറക്കുന്നത് വരെ ആക്രമണം തുടരുമെന്നും സമാധാന കരാർ വേണമെങ്കിൽ ഇറാൻ കടുത്ത നിബന്ധനകൾ അംഗീകരിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
