കോംഗോയിൽ ഐസിസ് ബന്ധമുള്ള തീവ്രവാദികളുടെ ആക്രമണം: 13 പേർ കൊല്ലപ്പെട്ടു; വീടുകൾ കത്തിച്ചു

ഉഗാണ്ട

മാംബാസ (കോംഗോ): ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർ കോംഗോ) ഉഗാണ്ടൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിൽ ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധമുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മാംബാസയുടെ പ്രാന്തപ്രദേശമായ ബനാന എക്കോൾ (Banana Ecole) ഗ്രാമത്തിലാണ് സംഭവം. ഭീകരർ പ്രദേശം കൊള്ളയടിക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു.

​അല്ലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (ADF) എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക സിവിൽ സൊസൈറ്റി ഭാരവാഹികളും താമസക്കാരും സ്ഥിരീകരിച്ചു. വൻതോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായ സംഭവത്തിൽ തിരച്ചിൽ തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

​അതിവേഗം പടരുന്ന എബോള രോഗബാധയുടെ ഭീഷണിയും ഭീകരാക്രമണങ്ങളും മൂലം നിരവധി ഗ്രാമവാസികളാണ് സുരക്ഷിത താവളങ്ങൾ തേടി ഇവിടേക്ക് പലായനം ചെയ്യുന്നത്. ഉഗാണ്ടൻ വേരുകളുള്ള ഡിആർസിയിലെ ഭീകരസംഘടനയായ എഡിഎഫ്, 2019-ലാണ് ഐസിസിനോട് ആഭിമുഖ്യം പ്രഖ്യാപിച്ചത്. അതിർത്തി പ്രദേശങ്ങളിൽ നിരന്തരം ആക്രമണം നടത്തുന്ന ഈ സംഘം കഴിഞ്ഞ ജൂലൈയിലും പ്രദേശത്ത് 66 പേരെ കൂട്ടക്കൊല ചെയ്തിരുന്നു. ഇതോടൊപ്പം, റുവാണ്ടയുടെ പിന്തുണയുള്ള എം23 ഉൾപ്പെടെ നൂറോളം വിമത സംഘങ്ങളുടെ ആക്രമണങ്ങളിൽ പ്രദേശം കടുത്ത സുരക്ഷാ ഭീഷണി നേരിടുകയാണ്.

Tags

Share this story