ഗാസയിലും വെസ്റ്റ് ബാങ്കിലും പുതിയ അനധികൃത അധിനിവേശ പാർപ്പിട സമുച്ചയങ്ങൾ നിർമിക്കാൻ ഇസ്രായേൽ; നീക്കവുമായി തീവ്രവലതുപക്ഷ മന്ത്രിമാർ

വെസ്റ്റ് ബാങ്ക്

ജെറുസലേം: രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിച്ച് ഗാസയിലും വെസ്റ്റ് ബാങ്കിലും പുതിയ അനധികൃത അധിനിവേശ പാർപ്പിട സമുച്ചയങ്ങൾ (സെറ്റിൽമെന്റുകൾ) സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഇസ്രായേൽ മന്ത്രിമാർ. ഗാസയിൽ മൂന്ന് പുതിയ സൈനിക-സിവിലിയൻ ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുമെന്നും വെസ്റ്റ് ബാങ്കിലെ നിർമാണ പ്രവർത്തനങ്ങൾക്കായി 400 മില്യൺ ഡോളറിലധികം തുക അനുവദിച്ചതായും ഇസ്രായേൽ പ്രതിരോധ, ധനകാര്യ മന്ത്രിമാർ വ്യക്തമാക്കി.

​ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഫലസ്തീൻ ഭൂമിക്ക് മേലുള്ള തങ്ങളുടെ നിയന്ത്രണം ശക്തമാക്കാനും ഫലസ്തീനികളെ കുടിയൊഴുക്കാനുമുള്ള തീവ്രവലതുപക്ഷ ബെന്യാമിൻ നെതന്യാഹു സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ അടിയന്തര പ്രഖ്യാപനം.

​വടക്കൻ ഗാസയിൽ മുൻപ് ഇസ്രായേൽ അധിനിവേശത്തിലുണ്ടായിരുന്ന പ്രദേശങ്ങളിൽ പുതിയ മൂന്ന് 'നഹാൽ' (Nahal) ഔട്ട്പോസ്റ്റുകൾ നിർമിക്കാനാണ് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പദ്ധതിയിടുന്നത്. പ്രാഥമിക ഘട്ടത്തിൽ സൈനികാവശ്യങ്ങൾക്കെന്ന രീതിയിൽ ആരംഭിച്ച് പിന്നീട് ഇവ സ്ഥിരമായ സിവിലിയൻ പാർപ്പിട മേഖലകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതോടൊപ്പം വെസ്റ്റ് ബാങ്കിൽ പുതിയ 34 സെറ്റിൽമെന്റുകൾ വ്യാപിപ്പിക്കുന്നതിനായി 1.3 ബില്യൺ ഷെക്കൽ (ഏകദേശം 434 മില്യൺ ഡോളർ) ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് പ്രഖ്യാപിച്ചു.

​അതേസമയം, ഫലസ്തീൻ മണ്ണിലെ ഇസ്രായേലിന്റെ ഇത്തരം അധിനിവേശ നിർമാണങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം തികച്ചും അനധികൃതമാണെന്നും സ്വതന്ത്ര ഫലസ്തീൻ രാജ്യം എന്ന സമാധാന ഉടമ്പടികൾക്ക് ഇത് കനത്ത തിരിച്ചടിയാണെന്നും യുണൈറ്റഡ് നേഷൻസ് (UN) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും ഫലസ്തീൻ അതോറിറ്റിയും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. 

Tags

Share this story