ഇസ്രായേൽ വ്യോമാക്രമണം: യെമനിലെ തലസ്ഥാനമായ സനായിൽ വൻ സ്ഫോടനം

യെമൻ തലസ്ഥാനമായ സനായിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ മസിറ ടിവി റിപ്പോർട്ട് ചെയ്തു. ഹൂതി വിമതരുടെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചതായി ഇസ്രായേൽ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗാസയിലെ യുദ്ധം ആരംഭിച്ചതുമുതൽ ഇസ്രായേലിന് നേരെ യെമനിലെ ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഇസ്രായേൽ വ്യോമസേന ഹൂതി താവളങ്ങൾ ലക്ഷ്യമിട്ട് നിരവധി തവണ സനായിൽ വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ ഹൂതി പ്രധാനമന്ത്രി അടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഹൂതികളുടെ ഭാഗത്തുനിന്നും ഇസ്രായേലിന് നേരെ മിസൈൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികൾ ഇസ്രായേലിനെതിരായ ആക്രമണങ്ങൾ ഗാസയിലെ യുദ്ധം അവസാനിക്കുന്നതുവരെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.