ഗാസയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേലിന്റെ വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു
Nov 20, 2025, 08:33 IST
വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം. 28 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 10ന് വെടിനിർത്തൽ വന്നതിന് ശേഷം ഗാസയിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണിത്.
ഗാസ സിറ്റിയിലും ഖാൻ യൂനുസിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും സഹിതം 28 പേർ കൊല്ലപ്പെട്ടത്. എൺപതോളം പേർക്ക് പരുക്കേറ്റു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേൽ പല ദിവസങ്ങളിലായി നടത്തിയ ആക്രമണത്തിൽ മാത്രം 300ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്
എന്നാൽ ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഖാൻ യൂനുസിൽ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.
