ലെബനനിൽ ഇസ്രയേൽ ആക്രമണം; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു
ടെഹ്റാൻ: ലെബനനിൽ നിലനിന്നിരുന്ന വെടിനിറുത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി വീണ്ടും സങ്കീർണമാകുന്നു. ഇസ്രയേലിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. യു.എസ് തങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുന്നില്ലെന്ന് ആരോപിച്ച ഇറാൻ, ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇതോടെ മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി രൂപീകരിച്ച ഇറാൻ-യു.എസ് ഇടക്കാല സമാധാന കരാർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് ഇറാൻ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തത്. കപ്പൽ ഗതാഗതം സജീവമായി വരുന്നതിനിടെയാണ് വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് മേഖലയിലെ കപ്പലുകൾക്ക് ഇറാൻ റെവല്യൂഷണറി ഗാർഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിറുത്തലിന് ധാരണയായത്. എന്നാൽ മണിക്കൂറുകൾക്കകം, വെള്ളിയാഴ്ച രാത്രിയോടെ തെക്കൻ ലെബനനിൽ ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തങ്ങളുടെ സൈന്യത്തിന് നേരെ ഹിസ്ബുള്ള 50-ലേറെ റോക്കറ്റുകൾ തൊടുത്തതിനാലാണ് തിരിച്ചടി നൽകിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. അതേസമയം, തെക്കൻ ലെബനനിൽ തമ്പടിച്ചിരിക്കുന്ന ഇസ്രയേൽ സൈന്യം എത്രയും വേഗം പിന്മാറണമെന്ന് ഹിസ്ബുള്ള ആവശ്യപ്പെട്ടു.
ലെബനനിൽ യാതൊരുവിധ ആക്രമണങ്ങളും നടത്തരുതെന്നത് ഇറാൻ-യു.എസ് ഇടക്കാല കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായത്. സ്വിറ്റ്സർലൻഡിൽ യു.എസ്-ഇറാൻ പ്രതിനിധികൾ തമ്മിലുള്ള സുപ്രധാന ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
