ലെബനനിലെ ഇസ്രയേല്‍ ആക്രമണം; ഹിസ്ബുള്ളയുടെ അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടു

De

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്ന ഹര്‍ഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ നേതൃനിരയെ തകര്‍ക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഇസ്രായേല്‍ നടപ്പിലാക്കിയത്.
ഹിസ്ബുള്ള തലവന്‍ നയിം ഖാസിമിന്റെ അനന്തരവനാണ് ഇസ്രയേല്‍ വധിച്ച അലി യൂസഫ് ഹര്‍ഷി.

ഹിസ്ബുള്ള തലവന്‍ നയിം ഖാസിമിന്റെ അനന്തരവന്‍ മാത്രമല്ല പഴ്‌സനല്‍ സെക്രട്ടറി കൂടിയായിരുന്ന അലി യൂസഫ് ഹര്‍ഷിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ബെയ്‌റൂട്ടിലെ തല്ലെറ്റ് ഖയാത്ത് മേഖലയില്‍ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഹര്‍ഷി കൊല്ലപ്പെട്ടത്. ഖാസമിന്റെ ഓഫീസിന്റെ സുരക്ഷയും ദൈനംദിന കാര്യങ്ങളും നിയന്ത്രിച്ചിരുന്ന പ്രധാന വ്യക്തിയായിരുന്നു ഹര്‍ഷി. കഴിഞ്ഞ ഒക്ടോബറില്‍ ഹസന്‍ നസറള്ള കൊല്ലപ്പെട്ടതിനു ശേഷമാണ് നയിം ഖാസിം ഹിസ്ബുള്ളയുടെ തലവനായി ചുമതലയേറ്റത്. നയിം ഖാസിമിനെത്തന്നെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണം സംബന്ധിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലബനനില്‍ ഉടനീളം 100 കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 254 പേര്‍ ആ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1,165ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷന്‍ എറ്റേണല്‍ ഡാര്‍ക്ക്നസ്’ (Operation Eternal Darkness) എന്ന് ഇസ്രായേല്‍ പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയില്‍ നൂറിലധികം വ്യോമാക്രമണങ്ങളാണ് പത്ത് മിനിറ്റിനുള്ളില്‍ നടന്നത്.

ബെയ്റൂത്ത്, സിഡോണ്‍, ടയര്‍, ബിഖ താഴ്വര എന്നിവിടങ്ങളിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആയുധ സംഭരണ കേന്ദ്രങ്ങളും നിര്‍മാണ് കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണത്തില്‍ ലെബനന്‍ സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. ലെബനന് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു.

Tags

Share this story