പാലസ്തീൻ തടവുകാരെ തൂക്കിലേറ്റാനുള്ള കൊലമര സമുച്ചയം: വീഡിയോ പങ്കുവെച്ച് ഇസ്രായേൽ മന്ത്രി ഇതാമർ ബെൻ-ഗ്വിർ
പാലസ്തീൻ തടവുകാരെ തൂക്കിലേറ്റുന്നതിനായി നിർമ്മിക്കുന്ന കൊലമര സമുച്ചയത്തിന്റെ (Gallows complex) ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇസ്രായേൽ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ. ഇസ്രായേലിലെ ഒരു ജയിലിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് ബെൻ-ഗ്വിർ വീഡിയോ ചിത്രീകരിച്ചത്.
പാലസ്തീനികളെ തൂക്കിലേറ്റുന്നത് ഇരകളുടെ കുടുംബങ്ങൾക്ക് നേരിട്ട് കാണാൻ പ്രത്യേക 'വ്യൂയിംഗ് ബൂത്തുകൾ' (viewing booths) ഈ സമുച്ചയത്തിൽ ഒരുക്കുമെന്നും ബെൻ-ഗ്വിർ വിഡിയോയിൽ അവകാശപ്പെട്ടു. "ഭീകരവാദികൾക്ക് വധശിക്ഷ നൽകുന്ന നിയമം പാസാക്കുമെന്നും ജയിലിലെ സാഹചര്യം കർശനമാക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്തിരുന്നു, അത് നടപ്പിലാക്കുകയാണ്" എന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ സൈനിക കോടതികൾ ശിക്ഷിക്കുന്ന പാലസ്തീൻ തടവുകാർക്ക് മാത്രമാണ് ഈ വധശിക്ഷ ബാധകമാകുന്നത്. ജൂത തീവ്രവാദികൾക്ക് ഈ നിയമം ബാധകമല്ലെന്നതും വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. വധശിക്ഷ നടപ്പിലാക്കുന്ന രീതിയെ ഒരു രാഷ്ട്രീയ പ്രതികാര നടപടിയായും പരസ്യ കാഴ്ചയായും മാറ്റാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആംനസ്റ്റി ഇന്റർനാഷണലും കുറ്റപ്പെടുത്തി.
ബെൻ-ഗ്വിറിന്റെ ഈ നടപടിക്കെതിരെ ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
