ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ടെൽ അവീവ്

ടെൽ അവീവ്: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിനെ ക്ഷണിച്ച് പ്രസിഡൻ്റ് ഐസക് ഹെർസോഗ്. ഇന്നു വൈകിട്ട് അഞ്ചിന് പ്രസിഡൻ്റിൻ്റെ ജെറുസലേമിലെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചടങ്ങിൽ സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക അനുമതിപത്രം ഐസൻകോട്ടിന് കൈമാറും. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും. പുതിയ സർക്കാർ രൂപീക്കാൻ ഐസെൻകോട്ടിന് 28 ദിവസത്തെ സമയം ലഭിക്കും, കൂടാതെ 14 ദിവസത്തെ കാലാവധി നീട്ടാനുള്ള സാധ്യതയുണ്ട്.

ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. 120 അംഗ പാർലമെന്റായ നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. 27 സീറ്റുകളുമായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം തികയ്ക്കാനായില്ല. ഐസൻകോട്ടിന്റെ കീഴിലെ പ്രതിപക്ഷ സഖ്യത്തിന് ആകെ 48 സീറ്റുകളാണുള്ളത്.

പ്രസിഡന്റ് ഹെർസോഗ് വിവിധ പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഐസൻകോട്ടിന് നറുക്കുവീണത്. നെതന്യാഹുവിനെയും തീവ്ര വലതുപക്ഷ കക്ഷികളെയും അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് പ്രധാന അറബ് പാർട്ടികളായ ജോയിന്റ് ലിസ്റ്റും (11 സീറ്റ്), റഅമും (8 സീറ്റ്) ഐസൻകോട്ടിനെ പിന്തുണച്ചു. ഇതോടെ 120-ൽ 67 എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ അദ്ദേഹത്തിനായി. അതേസമയം, നെതന്യാഹുവിന്റെ പരമ്പരാഗത സഖ്യകക്ഷിയായ അൾട്രാ ഓർത്തഡോക്സ് പാർട്ടി ‘യുണൈറ്റഡ് തോറ ജുഡായിസം’ (7 സീറ്റ്) നിർബന്ധിത സൈനികസേവന വിഷയത്തിലുള്ള തർക്കത്തെത്തുടർന്ന് ആരെയും പിന്തുണയ്ക്കാതെ വിട്ടുനിന്നു. ഇതോടെ നെതന്യാഹുവിനുള്ള പിന്തുണ 46 ആയി ചുരുങ്ങി.

സർക്കാർ രൂപീകരിക്കാൻ 28 ദിവസത്തെ സമയമാണ് ഐസൻകോട്ടിന് ലഭിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിനൽകാൻ പ്രസിഡന്റിന് അധികാരമുണ്ട്. എന്നാൽ, പിന്തുണ പ്രഖ്യാപിച്ച അറബ് പാർട്ടികളെ ഒപ്പം കൂട്ടി ഭരിക്കാൻ പ്രതിപക്ഷ സഖ്യത്തിലെ ചില കക്ഷികൾക്ക് താൽപര്യമില്ലാത്തത് ഐസൻകോട്ടിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. നിശ്ചിത സമയത്തിനുള്ളിൽ ഐസൻകോട്ടിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ സർക്കാർ രൂപീകരിക്കാനുള്ള അവസരം നെതന്യാഹുവിനോ മറ്റൊരു നേതാവിനോ ലഭിക്കും. പുതിയ നെസെറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും

അതേസമയം, അധികാരം നഷ്ടപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍, തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടിപ്പ് നടന്നുവെന്ന ആരോപണം നെതന്യാഹു ഉയര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ നെതന്യാഹു ശ്രമിക്കുന്നുവെന്നുള്ള വിമര്‍ശനവും ഉയരുകയാണ്. അറബ് പാര്‍ട്ടികള്‍ വോട്ട് കൊള്ള നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് അതിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് നെതന്യാഹുവും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും ശ്രമിക്കുന്നതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേലിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്

Tags

Share this story