അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളുടെ ജലസ്രോതസ്സ് കൈയേറി ഇസ്രായേലി കുടിയേറ്റക്കാർ; നീന്തൽക്കുളമാക്കി മാറ്റി
രാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമീണരുടെ പ്രധാന ജലസ്രോതസ്സ് ബലമായി പിടിച്ചെടുത്ത് ഇസ്രായേലി കുടിയേറ്റക്കാർ. ജോർദാൻ താഴ്‌വരയിലെ ഫസായിൽ (Fasayil) ഗ്രാമത്തിന് സമീപമുള്ള ഫലസ്തീൻ കർഷകരുടെ പ്രധാന ജലസേചന പൈപ്പ്‌ലൈനുകൾ വിച്ഛേദിച്ചാണ് വെള്ളം വിനോദ ആവശ്യങ്ങൾക്കായി കുടിയേറ്റക്കാർ വഴിതിരിച്ചുവിട്ടത്.
നൂറ്റാണ്ടുകളായി പ്രദേശവാസികൾ കൃഷിക്കും കുടിവെള്ളത്തിനും കന്നുകാലികൾക്കും ഉപയോഗിച്ചിരുന്ന സ്വാഭാവിക ഉറവയിലെ വെള്ളമാണ് സമീപത്തെ പുരാതനമായ ഒരു കുളത്തിലേക്ക് തിരിച്ചുവിട്ട് ഇസ്രായേലി കുടിയേറ്റക്കാർ നീന്തൽക്കുളമാക്കി മാറ്റിയത്. തുടർന്ന് ഈ പ്രദേശം ഇസ്രായേലി വിനോദസഞ്ചാര കേന്ദ്രമായി പ്രചരിപ്പിക്കാനും തുടങ്ങി. പദ്ധതി വികസിപ്പിക്കുന്നതിനായി ഇസ്രായേലിലെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് (Bezalel Smotrich) മൂന്ന് ദശലക്ഷം ഷെക്കൽ (ഏകദേശം $1 ദശലക്ഷം ഡോളർ) വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുടിയേറ്റക്കാരുടെ ഈ നിയമവിരുദ്ധ നടപടി കാരണം വഴുതന, വെള്ളരി, തണ്ണിമത്തൻ തുടങ്ങിയ വേനൽക്കാല വിളകൾ കൃഷി ചെയ്യാൻ കഴിയാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പ്രാദേശിക ഫലസ്തീൻ കർഷകർ. വെള്ളം തടസ്സപ്പെട്ടതോടെ നിരവധി കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടു. ജലസ്രോതസ്സിലേക്ക് അടുക്കാൻ ശ്രമിക്കുന്ന ഫലസ്തീനികളെ ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
വെസ്റ്റ് ബാങ്കിലെ വസ്‌തുവകകളും ജലസ്രോതസ്സുകളും ഘട്ടങ്ങളായി പിടിച്ചെടുത്ത് അവിടെ ഇസ്രായേലി സാന്നിധ്യം ഉറപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സന്നദ്ധ സംഘടനകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് വെസ്റ്റ് ബാങ്കിലെ വില്ലേജുകളിൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ തുടരുന്നത്.
