അത് അന്തിമ കരാറല്ല; ഇറാൻ മര്യാദ കാട്ടിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ഡൊണാൾഡ് ട്രംപ്

Trump

പാരിസ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക ധാരണാപത്രം ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കടുത്ത ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് ഒപ്പിടാൻ പോകുന്ന കരാർ അന്തിമമല്ലെന്നും അതൊരു ധാരണാപത്രം മാത്രമാണെന്നും ട്രംപ് ഓർമ്മിപ്പിച്ചു.

​"എനിക്ക് ഈ കരാർ ബോധിച്ചില്ലെങ്കിൽ ഞങ്ങൾ വീണ്ടും അവർക്ക് നേരെ വെടിയുതിർക്കും, ബോംബുകൾ അവരുടെ തലയ്ക്ക് മുകളിലേക്ക് നേരിട്ട് വർഷിക്കും," ട്രംപ് പറഞ്ഞു. ഇറാൻ ഒരു തരത്തിലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുവരുത്തുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഫെബ്രുവരിയിൽ ആരംഭിച്ച യു.എസ്-ഇറാൻ സംഘർഷങ്ങൾക്ക് താല്ക്കാലിക വിരാമമിട്ടുകൊണ്ടാണ് ഈ വെള്ളിയാഴ്ച ഇരുരാജ്യങ്ങളും കരാറിലേക്ക് നീങ്ങുന്നത്. പുതിയ കരാർ പ്രകാരം ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകാനും അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാനും തീരുമാനമായിരുന്നു. ഇതിനുശേഷം ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ 60 ദിവസത്തെ സമയം ഇരുപക്ഷത്തിനും ലഭിക്കും.

​എന്നാൽ ഈ ചർച്ചകളിൽ ഇറാൻ വീഴ്ച വരുത്തിയാൽ മുൻപ് നടത്തിയതിനേക്കാൾ ശക്തമായ സൈനിക നടപടി അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, കരാറിനെ ജി7 രാജ്യങ്ങളിലെ മറ്റ് നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്.

Tags

Share this story