അനധികൃതമായി തോക്ക് കൈവശം വെച്ച കേസിൽ ജോ ബൈഡന്റെ മകൻ കുറ്റക്കാരനെന്ന് കോടതി

hunter

അനധികൃതമായി തോക്ക് കൈവശം വെച്ചെന്ന കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി. ഡെലവേറിലെ ഫെഡറൽ കോടതി ജൂറിയാണ് മൂന്ന് ചാർജുകളിൽ ഹണ്ടറെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞത്. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും

2018ൽ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാർഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങൾ. ഈ കേസിൽ ഹണ്ടർ ബൈഡൻ ഇനി വിചാരണ നേരിടണം. അമേരിക്കയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് തോക്ക് കൈവശം വെക്കാനാകില്ല. 

2018ലെ കേസിലാണ് ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം സമർപ്പിച്ചത്. 2024 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഈ കേസ് ജോ ബൈഡന് പ്രതിസന്ധി സൃഷ്ടിച്ചേക്കും. നേരത്തെ നികുതി വെട്ടിപ്പ് കേസും ഹണ്ടർക്കെതിരെ ഉയർന്നിരുന്നു.
 

Share this story