ഖമേനിയുടെ സംസ്കാര ചടങ്ങുകൾ: ഹിസ്ബുള്ള, ഹമാസ്, ഹൂതി പ്രതിനിധികൾ ഇറാനിലെത്തി; ഒത്തുചേർന്ന് 'പ്രതിരോധ സഖ്യം'

ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും പങ്കെടുക്കാൻ മിഡിൽ ഈസ്റ്റിലെ പ്രമുഖ സായുധ ഗ്രൂപ്പുകളുടെ നേതാക്കൾ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള, ഹമാസ്, യെമനിലെ ഹൂതി വിമതർ, ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് തുടങ്ങിയ സംഘടനകളുടെ ഉന്നതതല പ്രതിനിധി സംഘങ്ങളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

​അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകൾക്കാണ് ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല മോസ്കിൽ തുടക്കമായിരിക്കുന്നത്. ചടങ്ങിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത്.

​മിഡിൽ ഈസ്റ്റിലെ ഇറാന്റെ 'പ്രതിരോധ സഖ്യം' (Axis of Resistance) ഒന്നിച്ച് അണിനിരന്ന ചടങ്ങ് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള തങ്ങളുടെ ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള വേദിയായി സായുധ ഗ്രൂപ്പുകൾ ഈ ഒത്തുചേരലിനെ മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ ഖമേനിയുടെ ഭൗതികശരീരം ഇറാനിലെയും ഇറാഖിലെയും വിവിധ പുണ്യനഗരങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷം ജന്മനാടായ മഷ്ഹദിൽ സംസ്കരിക്കും.

Tags

Share this story