ഖൊമേനി പ്രഖ്യാപിച്ചു: ഓപറേഷൻ ട്രൂ പ്രോമിസ്-3യുമായി ഇറാൻ, ഞെട്ടലോടെ ഇസ്രായേൽ
Jun 14, 2025, 08:14 IST
ഇസ്രായേലിനെ ഞെട്ടിച്ച് ഇറാന്റെ വ്യോമാക്രമണം. വ്യാഴാഴ്ച രാത്രി ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനി പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ കയ്‌പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തുവെന്നായിരുന്നു ഖൊമേനിയുടെ വാക്കുകൾ. പിന്നാലെ ഇറാൻ ഓപറേഷൻ ട്രൂ പ്രോമിസ്-3 പ്രഖ്യാപിക്കുകയും തിരിച്ചടി ആരംഭിക്കുകയുമായിരുന്നു ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീലിലും പ്രധാന നഗരമായ ജറുസലേമിലും ഇറാന്റെ മിസൈലുകൾ പതിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമുള്ള രാജ്യമാണ് ഇസ്രായേൽ. ഇതും മറികടന്നായിരുന്നു ഇറാന്റെ ആക്രമണമെന്നതാണ് ഇസ്രായേലിനെ കൂടുതൽ ഞെട്ടിച്ചത്. ഇസ്രായേൽ സൈനിക കേന്ദ്രങ്ങളും എയർ ബേസുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് അറിയിച്ചു ടെൽ അവീലിൽ മിസൈലാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അടക്കം ചിത്രങ്ങൾ പുറത്തുവരുന്നുണ്ട്. അറുപതിലേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. ഒരു സ്ത്രീ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ നഗരങ്ങളിലാകെ അപായ സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ട് ഇസ്രായേലി യുദ്ധവിമാനങ്ങൾ ഇതിനിടയിൽ ഇറാൻ വെടിവെച്ചിട്ടു.
