നേപ്പാൾ മിന്നൽ പ്രളയം; മരണം 600 കടന്നു: കാണാതായവരുടെ എണ്ണം 2000ലേക്ക്

നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. ദുരന്തത്തിൽ ഇതുവരെ 616 പേർ മരിച്ചതായാണ് വിവരം. കാണാതായവരുടെ എണ്ണം 1,924 ആയി ഉയർന്നെന്ന് നേപ്പാൾ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ആയിരത്തോളം പേരെ കാണാതായെന്നായിരുന്നു മുൻപ് നൽകിയ പ്രാഥമിക കണക്ക്. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 993 തൊഴിലാളികളെ കാണാതായിട്ടുണ്ട്. കൂടാതെ 320 ഇന്ത്യക്കാരുൾപ്പെടെ അഞ്ഞൂറോളം വിദേശ പൗരന്മാരെയും കാണാനില്ല. 

അതേസമയം തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള ഇന്ത്യൻ സംഘം നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 ഇന്ത്യക്കാരുടെ പട്ടിക കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സുരക്ഷിതരായി തിരിച്ചെത്തിയ പട്ടികയിൽ ഭൂരിഭാഗവും.

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 8 മലയാളികളും 100 ഇന്ത്യൻ വംശജരും ഉൾപ്പെടെ 320 ഇന്ത്യക്കാരെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും ഇതിൽ രക്ഷപ്പെടുത്തിയ 21 പേരെ നാട്ടിലെത്തിച്ചെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് ആദ്യഘട്ടത്തിൽ തിരിച്ചെത്തിയത്.

ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാളിലേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം അറിയിച്ചു. പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിന്ന് 63 പേരെ വിജയകരമായി രക്ഷപ്പെടുത്തി.

പ്രളയത്തിൽ മരിച്ച ഇന്ത്യക്കാരുടെ കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി ഇന്ത്യ പ്രത്യേക വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.

Tags

Share this story