പ്രളയത്തിൽ ഒഴുകിയെത്തിയത് പണമടങ്ങിയ ലോക്കർ; കുത്തിത്തുറന്ന് നാട്ടുകാർ: 29 പേർക്കെതിരേ കേസ്
കാഠ്മണ്ഡു: പ്രളയത്തിൽ തകർന്നു താറുമാറായിരിക്കുകയാണ് നേപ്പാൾ. പലയിടങ്ങളിലായി കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതിനിടെ വലിയൊരു മോഷണം പുറത്തു കൊണ്ടു വന്നിരിക്കുകയാണ് പൊലീസ്. പ്രളയത്തിൽ തകർന്ന ബാങ്കിൽ നിന്ന് ഒഴുകിയെത്തിയ പണം നിറച്ച ലോക്കർ കുത്തിത്തുറന്ന് പണമെടുത്ത കേസിൽ 29 പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റസുവയിലെ ബൊട്കോശി മേഖലയിൽ നിന്ന് ഒഴുകിയെത്തിയ ലോക്കർ ഗൽചി റൂറൽ മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള തൃശൂലി നദിയിൽ നിന്നാണ് കണ്ടെത്തിയത്.
നാട്ടുകാരിൽ ചിലർ പുഴയിലൂടെ ഒഴുകിയെത്തിയ ലോക്കർ കുത്തിപ്പൊളിച്ച് പണമെടുത്തതായി പൊലീസിന് വിവകരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ 92,68,505 നേപ്പാളീസ് രൂപ ( ഏകദേശം 57 ലക്ഷം രൂപ) 29 പേരിൽ നിന്നായി പിടിച്ചെടുത്തു. പ്രതികളിൽ കൂടുതൽ പേരും ഗൽച്ചിയിലെ മാസ്തർ നിവാസികളാണ്. 19 വയസുള്ളവർ മുതൽ 49 വയസുള്ളവർ വരെ കൂട്ടത്തിലുണ്ട്.
എവിടെ നിന്നാണ് പണമടങ്ങിയ ലോക്കർ നഷ്ടപ്പെട്ടതെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. പ്രളയജലത്തിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
