ട്രംപ് വിരുദ്ധ പ്രതിഷേധം പുകഞ്ഞ് ലോസ് ആഞ്ചലീസ്; 700 മറീനുകളെ അയച്ച് ഫെഡറൽ സർക്കാർ
Jun 10, 2025, 10:16 IST
ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെ കാലിഫോർണിയയിലെ ലോസ് ആഞ്ചലീസിൽ ആരംഭിച്ച പ്രതിഷേധം നാലാം നാളിലും തുടരുന്നു. പ്രതിഷേധം അടിച്ചമർത്താൻ ട്രംപ് യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണൽ ഗാർഡിനെ ഇറക്കിയെങ്കിലും ജനരോഷം ശക്തമായി തുടരുകയാണ് യുഎസ് മറീനുകളെയും ഫെഡറൽ സർക്കാർ കാലിഫോർണിയയിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്. 700 അംഗ മറീനുകൾ ലോസ് ആഞ്ചലീസിലേക്ക് നീങ്ങുന്നതായാണ് വാർത്ത. നിലവിൽ വിന്യസിച്ചിരിക്കുന്ന നാഷണൽ ഗാർഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് മറീനുകളെ അയച്ചിരിക്കുന്നത്. നിലവിൽ 2000 നാഷണൽ ഗാർഡ് അംഗങ്ങളെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ പ്രാദേശിക ഡെമോക്രാറ്റിക് സർക്കാരിന്റെ എതിർപ്പ് മറികടന്നാണ് പ്രതിഷേധം അടിച്ചമർത്താൻ ഫെഡറൽ സൈന്യത്തെ ട്രംപ് ഉപയോഗിച്ചിരിക്കുന്നത്. പ്രതിഷേധക്കാരും നാഷണൽ ഗാർഡും പലയിടങ്ങളിലും ഏറ്റുമുട്ടി. പോലീസ് റബർ ബുള്ളറ്റും പുകബോംബും പ്രയോഗിച്ചു. മാധ്യമ പ്രവർത്തകർക്ക് അടക്കം പോലീസ് നടപടിയിൽ പരുക്കേറ്റു. ട്രംപിന്റെ നടപടിയെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം നിയമവിരുദ്ധമെന്നാണ് വിശേഷിപ്പിച്ചത്.
