മഡൂറോയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു; യുഎസ് കോടതിയിൽ വിചാരണ നേരിടണം

USA

അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലെത്തിച്ച ഇരുവരേയും വൈദ്യപരിശോധനകൾക്ക് വിധേയമാക്കി. ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറൽ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റൻഷൻ സെന്ററിലേക്ക് ഇരുവരെയും മാറ്റും. ഇരുവരെയും അടുത്തയാഴ്ച മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയിലേക്ക് മയക്കുമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വെനസ്വേലയുടെ എണ്ണപ്പാടങ്ങൾ പിടിച്ചെടുക്കുമെന്നും വ്യവസായം പുനസ്ഥാപിക്കാൻ അമേരിക്കൻ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് മറിയ കൊറിന മച്ചാഡോയ്ക്ക് വെനസ്വേല ഭരിക്കാനാവശ്യമായ പിന്തുണയുണ്ടെന്ന് കരുതുന്നില്ലെന്നും ട്രംപ്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർത്ഥി എഡ്മണ്ടോ ഗൊൺസാലസിനെ വെനസ്വേലൻ പ്രസിഡന്റായി അവരോധിക്കാൻ ട്രംപ് ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.

യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ കയ്യാമംവെച്ച് മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം പുറത്തുവിട്ട ശേഷമാണ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളെ കണ്ടത്. ഹെലികോപ്റ്ററിലാണ് മഡുറോയെയും ഭാര്യയെയും യുദ്ധകപ്പലിൽ എത്തിച്ചതെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിനോടാണ് ട്രംപ് വെനസ്വേലൻ ആക്രമണത്തെ ഉപമിച്ചത്. യുഎസ് വെനസ്വേലയിൽ നടത്തിയതുപോലൊരു ആക്രമണം നടത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് ട്രംപ് പറഞ്ഞു.

Tags

Share this story