പെറുവിലെ ആൻഡീസ് പർവ്വതമേഖലയിൽ ശക്തമായ ഭൂകമ്പം: തീവ്രത 6.7; രണ്ടുപേർക്ക് പരിക്ക്
ലിമ: ദക്ഷിണ പെറുവിലെ ആൻഡീസ് പർവ്വത മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും നിരവധിവീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും സിവിൽ ഡിഫൻസ് അധികൃതർ സ്ഥിരീകരിച്ചു.
യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുപ്രകാരം പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെയാണ് ഭൂചലനമുണ്ടായത്. അയാകുച്ചോ (Ayacucho) മേഖലയിലെ ഉപാഹുവാച്ചോ (Upahuacho) നഗരത്തിന് 38 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, ഭൂമിക്കടിയിൽ 66 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
വീടുകൾ ഒഴിപ്പിക്കുന്നതിനിടയിലാണ് രണ്ടുപേർക്ക് പരിക്കേറ്റത്. ദുരന്തത്തിൽ 22 വീടുകൾ, 6 ആരോഗ്യകേന്ദ്രങ്ങൾ, ഒരു സ്കൂൾ എന്നിവ ഭാഗികമായി തകർന്നതായി അധികൃതർ അറിയിച്ചു. ഇക്കാ (Ica), അരെക്വിപ്പ (Arequipa), കുസ്കോ (Cusco) തുടങ്ങിയ മേഖലകളിലും രാജ്യതലസ്ഥാനമായ ലിമയിലും പ്രകമ്പനം അനുഭവപ്പെട്ടു.
സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് പെറുവിയൻ നാവികസേന അറിയിച്ചു. ഭൂകമ്പ സാധ്യതയേറിയ 'പസഫിക് റിംഗ് ഓഫ് ഫയർ' മേഖലയിലാണ് പെറു സ്ഥിതിചെയ്യുന്നത്.
