മാലിക് ഒത്തുകളി വിവാദത്തില്‍- ടീം കരാര്‍ റദ്ദാക്കി; പണി വരുന്നു: സാനിയയുടെ ശാപമോ

Sania

കറാച്ചി: ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷുഹൈബ് മാലിക്കും തമ്മിലുള്ള വിവാഹ മോചനത്തിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ മുതല്‍ ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന്റെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതില്‍ സ്ഥിതീകരണമില്ലായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് മാലിക് പാക് സിനിമാ താരത്തെ വിവാഹം കഴിച്ചതോടെയാണ് സാനിയയുമായുള്ള ബന്ധം വേര്‍പെടുത്തിയത് എല്ലാവരും അറിയുന്നത്.

സാനിയയുടെ വിവാഹമോചനത്തിന്റെ പേരില്‍ മാലിക്കിനെതിരേ വിമര്‍ശനം ശക്തമാകവെ പാക് താരം ഇപ്പോള്‍ മറ്റൊരു കുരുക്കില്‍ പെട്ടിരിക്കുകയാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് മാലിക്. ഫോര്‍ച്ച്യൂണ്‍ ബറിഷലിനായി ഒരോവറില്‍ മൂന്ന് നോബോളുകളാണ് മാലിക് എറിഞ്ഞത്. 18 റണ്‍സാണ് ഈ ഓവറില്‍ വിട്ടുകൊടുത്തത്. ഖുല്‍ന ടൈഗേഴ്‌സിനെതിരായ മാലിക്കിന്റെ ബൗളിങ് പ്രകടനം അപ്പോള്‍ത്തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു.

ഡെത്തോവറില്‍ ബാറ്റ് ചെയ്ത മാലിക് 6 പന്തില്‍ 5 റണ്‍സാണ് നേടിയത്. മത്സരത്തിന് പിന്നാലെ മാലിക്കിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ താരത്തിന് കുരുക്ക് മുറുകുകയാണ്. ഇത് ഒത്തുകളി തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മാലിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോപണത്തിന് പിന്നാലെ ഫോര്‍ച്യൂണ്‍ ബറീഷല്‍ മാലിക്കുമായുള്ള കരാര്‍ റദ്ദാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് മാധ്യമ പ്രവര്‍ത്തകനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ടീമിന്റെ ഉടമയായ മിസാനൗര്‍ റഹ്‌മാന്‍ വാര്‍ത്ത സത്യമാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മാലിക്കിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാക് ക്രിക്കറ്റ് താരങ്ങളില്‍ ആരെയും വിശ്വസിക്കാനാവില്ലെന്നും എല്ലാവരും ഒത്തുകളിക്കാരാണെന്നുമാണ് ആരാധകര്‍ പറയുന്നത്. പാകിസ്താന്റെ മുന്‍ നായകനായിരുന്നു മാലിക്ക്. മികച്ച അന്താരാഷ്ട്ര കരിയറും മാലിക്കിനുണ്ട്. ഇത്തരത്തിലുള്ള താരം ഒത്തുകളിക്കുന്നുവെന്നത് പാകിസ്താന്‍ ക്രിക്കറ്റിന്റെ നിലവാരം കാട്ടുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യന്‍ ആരാധകരെല്ലാം സാനിയയുടെ ശാപമാണെന്നാണ് പറയുന്നത്. സാനിയയെ ഉപേക്ഷിച്ച് മറ്റ് സ്ത്രീകളുടെ പിന്നാലെ പോയ മാലിക്ക് ഇത് അര്‍ഹിക്കുന്നുണ്ടെന്നും മാലിക്ക് കള്ളനും ചതിയനുമാണെന്നുമാണ് ആരോപണം ഉയരുന്നത്. എന്തായാലും 41കാരനായ മാലിക്കിന് കരിയറിന്റെ അവസാന സമയത്ത് ഇത്തരമൊരു ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നാല്‍ അത് വലിയ നാണക്കേടായി മാറും. താരത്തിനെതിരേ ശക്തമായ തെളിവുണ്ടെന്നാണ് വിവരം.

അന്താരാഷ്ട്ര ക്രിക്കറ്റിലൊന്നും ഇത്തരമൊരു വിവാദത്തില്‍ ഉള്‍പ്പെടാതിരുന്ന മാലിക് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനായി എന്തിനാണ് ഒത്തുകളിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും സാനിയ ഇപ്പോള്‍ ഹാപ്പായായിരിക്കുമെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്. മാലിക്കിന്റെ വിവാഹത്തിന് ശേഷം സാനിയ കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ മാലിക് കുരുങ്ങിയത്.

അന്വേഷണത്തില്‍ മാലിക് ഒത്തുകളിച്ചതായി തെളിഞ്ഞാല്‍ ആജീവനാന്ത വിലക്ക് താരത്തിന് നേരിടേണ്ടി വന്നേക്കും. മറ്റ് ശിക്ഷാ നടപടികളും താരത്തിനെ കാത്തിരിക്കുന്നുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും കളങ്കമാവുന്ന നടപടിയാണ് മാലിക്കിന്റേത്. എന്തായാലും സാനിയ പോയ ശേഷം മാലിക്കിന് കഷ്ടകാലമാണെന്ന് പറയാം. പാകിസ്താന്‍ മോഡലും അഭിനേത്രിയുമായ സന ജാവേദുമായുള്ള മാലിക്കിന്റെ വിവാഹത്തില്‍ കുടുംബത്തിനും താല്‍പര്യമുണ്ടായിരുന്നില്ല.

മാലിക്കിന്റെ രണ്ടാം വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. എന്തായാലും മാലിക്കിന്റെ ഒത്തുകളി വിവാദം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. താരത്തിന് ഇനി ഒരു ടൂര്‍ണമെന്റും കളിക്കാനാവില്ല. മറ്റ് ശിക്ഷകള്‍ എന്തൊക്കെയാണെന്ന് കാത്തിരുന്ന് കണ്ടറിയാം.

Share this story