വിമർശകരെ ആശ്ചര്യപ്പെടുത്തുന്ന നേതാവാണ് മംദാനി; പ്രശംസ കൊണ്ട് പൊതിഞ്ഞ് ട്രംപ്
ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ചക്കൊടുവിൽ മംദാനിയെ ഏറെ പ്രശംസിച്ചാണ് ട്രംപ് സംസാരിച്ചത്. പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും യോജിച്ച് പ്രവർത്തിക്കാനാകുന്ന മേഖലകൾ ഒരുപാടുണ്ടെന്ന് ട്രംപ് പറഞ്ഞു
മംദാനി ന്യൂയോർക്കിന്റെ നല്ലൊരു മേയർ ആയിരിക്കും. മംദാനി മേയർ ആയിരിക്കുമ്പോൾ ന്യൂയോർക്കിൽ താമസിക്കാൻ സന്തോഷം. വിമർശകരെ ആശ്ചര്യപ്പെടുത്താൻ മംദാനിക്ക് സാധിക്കും. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തെരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.
ഞങ്ങൾ സ്‌നേഹിക്കുന്ന ന്യൂയോർക്ക് നഗരം വളരെ മികച്ചതായി മാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞാൻ കരുതിയതിലും കൂടുതൽ കാര്യങ്ങളിൽ ഞങ്ങൾ യോജിക്കുന്നു. അദ്ദേഹത്തിന് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ട്. എന്നാൽ നമ്മളെല്ലാം മാറുന്നവരാണ്. തന്റെ സ്വന്തം കാഴ്ചപ്പാടുകൾ പോലും മാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു
അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും കൂട്ടായി പ്രവർത്തിക്കുമെന്ന് മംദാനിയും പ്രതികരിച്ചു. ന്യൂയോർക്കിലെ ജീവിത ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും മംദാനി പറഞ്ഞു.
