യു.എസിന് ക്യൂബ ദേശീയ സുരക്ഷാ ഭീഷണിയെന്ന് മാർക്കോ റൂബിയോ; കള്ളം പ്രചരിപ്പിക്കുകയാണെന്ന് ക്യൂബയുടെ മറുപടി
വാഷിങ്ടൺ/ഹവാന: അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ക്യൂബ വലിയൊരു ഭീഷണിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ഒരു കരാറിലെത്താനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. 1996-ൽ രണ്ട് അമേരിക്കൻ സിവിലിയൻ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്കെതിരെ യു.എസ് കൊലക്കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ ഈ കടുത്ത പരാമർശം.
ക്യൂബയെ ഈ മേഖലയിലെ ഭീകരവാദത്തിന്റെ പ്രധാന സ്പോൺസർമാരിൽ ഒന്നായും റൂബിയോ കുറ്റപ്പെടുത്തി. നയതന്ത്രപരമായ പരിഹാരങ്ങൾക്കാണ് യു.എസ് മുൻഗണന നൽകുന്നതെങ്കിലും, രാജ്യത്തെ സംരക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എല്ലാ അവകാശവുമുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, മാർക്കോ റൂബിയോയുടെ പ്രസ്താവനകൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് രംഗത്തെത്തി. റൂബിയോ ലോകത്തോട് കള്ളം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ക്യൂബ ഒരിക്കലും അമേരിക്കയ്ക്ക് ഒരു ഭീഷണിയായിരുന്നില്ലെന്നും, തങ്ങളുടെ രാജ്യത്തിന് നേരെ സൈനിക അധിനിവേശത്തിന് പ്രകോപനം സൃഷ്ടിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും റോഡ്രിഗസ് വ്യക്തമാക്കി. ക്യൂബയ്ക്കെതിരെ യു.എസ് സർക്കാർ ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്നും ഹവാന കുറ്റപ്പെടുത്തി.
