ബഹിരാകാശ നിലയത്തിൽ വൻ വായുചോർച്ച; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി നാസ: പിന്നീട് പിൻവലിച്ചു

Nasa

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) റഷ്യൻ വിഭാാഗത്തിൽ വായുചോർച്ച രൂക്ഷമായതിനെത്തുടർന്ന് ബഹിരാകാശ സഞ്ചാരികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി നാസ (NASA). നിലയത്തിലെ വായുചോർച്ച പരിഹരിക്കാൻ റഷ്യൻ കോസ്മോനൗട്ടുകൾ വിപുലമായ അറ്റകുറ്റപ്പണികൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് നാസ മുൻകരുതൽ എന്ന നിലയിൽ അടിയന്തരമായി ഒഴിപ്പിക്കലിന് തയ്യാറെടുക്കാൻ നിർദ്ദേശിച്ചത്.

​നാസയുടെ 'ക്രൂ-12' (Crew-12) ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് അമേരിക്കൻ സഞ്ചാരികൾ, ഒരു ഫ്രഞ്ച് സഞ്ചാരി, ഒരു റഷ്യൻ കോസ്മോനൗട്ട് എന്നിവരുൾപ്പെടെയുള്ള അഞ്ച് അംഗങ്ങളോടാണ് നിലയത്തിൽ ഘടിപ്പിച്ചിട്ടുള്ള സ്‌പേസ് എക്‌സിന്റെ 'ക്രൂ ഡ്രാഗൺ' (Crew Dragon) പേടകത്തിനുള്ളിൽ അഭയം പ്രാപിക്കാൻ മിഷൻ കൺട്രോൾ നിർദ്ദേശിച്ചത്. വായുചോർച്ച അടിയന്തരമായി നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ പേടകത്തിൽ ഭൂമിയിലേക്ക് തിരികെ വരാൻ തക്കവണ്ണം സ്പേസ് സ്യൂട്ടുകൾ ധരിക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു.

​എന്നാൽ, റഷ്യൻ വിഭാഗമായ 'സ്വെസ്ദ' (Zvezda) മൊഡ്യൂളിലെ അറ്റകുറ്റപ്പണികളുടെ പദ്ധതികളിൽ മാറ്റം വരികയും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാവുകയും ചെയ്തതോടെ നാസ ഈ ജാഗ്രതാ നിർദ്ദേശം പിന്നീട് പിൻവലിച്ചു. 2019 മുതൽ ഈ റഷ്യൻ മൊഡ്യൂളിൽ ചെറിയ രീതിയിലുള്ള വായുചോർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇത് ഇരട്ടിയായി വർദ്ധിച്ചതാണ് നാസയെ പെട്ടെന്നുള്ള മുൻകരുതൽ നടപടികളിലേക്ക് നയിച്ചത്. നിലവിൽ ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതരാണെന്നും നിലയത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും നാസ വക്താക്കൾ അറിയിച്ചു.

Tags

Share this story