ബാങ്കോക്കിലെ പബ്ബിൽ വൻ തീപിടിത്തം; 27 പേർ മരിച്ചു: 22 പേരുടെ നില ഗുരുതരം

തായ്ലാൻ്റ്

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ജനപ്രിയ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 63 പേരിൽ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച അർധരാത്രിയോടെ ബാങ്കോക്കിലെ ചതുചക് ജില്ലയിലുള്ള 'റോങ് ബിയർ നാ ലാറ്റ് പ്രാവോ' (Rong Beer Na Lat Phrao) എന്ന പബ്ബിലാണ് ദരുണമായ ഈ സംഭവം ഉണ്ടായത്.

​സ്റ്റേജിന് സമീപമുള്ള സർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയർന്നതിന് പിന്നാലെ പബ്ബിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും, തൊട്ടുപിന്നാലെ ശക്തമായ സ്ഫോടനത്തോടെ തീ പടരുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പബ്ബിന്റെ സീലിംഗിലെ അലങ്കാര സാമഗ്രികളിലേക്ക് തീ അതിവേഗം പടർന്നതോടെ കെട്ടിടത്തിനുള്ളിൽ കനത്ത വിഷപ്പുക നിറഞ്ഞു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. കെട്ടിടത്തിന്റെ പ്രധാന എമർജൻസി എക്സിറ്റുകൾക്ക് (അടിയന്തര വാതിലുകൾ) മുന്നിൽ തടസ്സങ്ങൾ ഉണ്ടായിരുന്നതിനാൽ അകത്തുണ്ടായിരുന്നവർക്ക് പെട്ടെന്ന് പുറത്തുകടക്കാനായില്ല. പുക ശ്വസിച്ച് ബോധരഹിതരായ പലരുടെയും മൃതദേഹങ്ങൾ പബ്ബിന്റെ പിൻഭാഗത്തുള്ള ശുചിമുറികളിൽ നിന്നാണ് കണ്ടെടുത്തത്.

​തീപിടിത്തം ഉണ്ടാകുമ്പോൾ മുന്നൂറോളം പേർ പബ്ബിൽ ഉണ്ടായിരുന്നതായാണ് വിവരം. മരിച്ചവരിൽ 9 പുരുഷന്മാരും 18 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ വിദേശ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അഗ്നിശമന സേനാംഗങ്ങൾ അരമണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരകുൽ, ബാങ്കോക്ക് ഗവർണർ ഛാഡ്‌ചാർട്ട് സിത്തിപുന്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് തായ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

Tags

Share this story