അമേരിക്കൻ ആകാശത്ത് വൻ ഉൽക്കാസ്ഫോടനം; പ്രകമ്പനം കൊള്ളിച്ചത് 300 ടൺ ടി.എൻ.ടി ശേഷിയുള്ള വൻ സ്ഫോടന ശക്തി

Naza

വാഷിംഗ്ടൺ: വടക്കുകിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളുടെ ആകാശത്ത് വൻ ശക്തിയോടെ ഉൽക്ക പൊട്ടിത്തെറിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ഈ വിസ്മയവും ഭയപ്പെടുത്തുന്നതുമായ പ്രതിഭാസം വൻ പ്രകമ്പനമാണ് പ്രദേശത്ത് ഉണ്ടാക്കിയത്. ഏകദേശം 300 ടൺ ടി.എൻ.ടി (TNT) സ്ഫോടകവസ്തുക്കൾ ഒന്നിച്ച് പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അത്രയും ഊർജ്ജമാണ് ഈ സ്ഫോടനത്തിലൂടെ പുറന്തള്ളപ്പെട്ടതെന്ന് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ (NASA) സ്ഥിരീകരിച്ചു.

​മസാച്യുസെറ്റ്‌സ്, ന്യൂ ഹാംഷെയർ എന്നീ സംസ്ഥാനങ്ങൾക്ക് മുകളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:06 ഓടെയായിരുന്നു സംഭവം. ആകാശത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട വൻ പ്രകാശഗോളത്തെ തുടർന്ന് ഭയപ്പെടുത്തുന്ന വലിയ ശബ്ദത്തോടെ ഉൽക്ക പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പലയിടങ്ങളിലും ജനാലകളും വീടുകളും ശക്തമായി കുലുങ്ങിയതായി പ്രദേശവാസികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഭൂകമ്പമാണെന്ന് കരുതി പലരും പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്കോടി.

നാസയുടെ വിശദീകരണം:

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 1,20,000 കിലോമീറ്ററിലധികം (75,000 mph) വേഗതയിലായിരുന്നു ഈ ഉൽക്ക സഞ്ചരിച്ചിരുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ (40 മൈൽ) ഉയരത്തിൽ വെച്ചാണ് ഇത് പൂർണ്ണമായും തകർന്നത്. സാധാരണയായി ഉണ്ടാകാറുള്ള ഉൽക്കാവർഷങ്ങളുടെ ഭാഗമല്ല ഇതെന്നും, പ്രപഞ്ചത്തിൽ സ്വാഭാവികമായി സഞ്ചരിച്ചിരുന്ന ഒരു പാറക്കഷ്ണമാണ് അന്തരീക്ഷവുമായുള്ള ഘർഷണം മൂലം കത്തിയമർന്നതെന്നും നാസ വക്താവ് അറിയിച്ചു.

​അമേരിക്കൻ ഉൽക്കാ സൊസൈറ്റിയുടെ പ്രാഥമിക നിഗമനപ്രകാരം ഏകദേശം മൂന്നടി മാത്രം വീതിയുള്ള ചെറിയൊരു ഉൽക്കയായിരുന്നു ഇത്. ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ വീണതായി റിപ്പോർട്ടുകളില്ല. ഇവ കടലിൽ പതിച്ചിരിക്കാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. വൻ സ്ഫോടന ശബ്ദം കേട്ടെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags

Share this story