മൊജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; തീരുമാനം പുരോഹിത സഭയുടേത്
ആയത്തുല്ല അലി ഖമനിയുടെ വധത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനയിയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ഇറാൻ ഇന്റർനാഷണലാണ് വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് അലി ഖമനയി കൊല്ലപ്പെട്ടത്.
്അലി ഖമനയിയുടെ രണ്ടാമത്തെ മകനായ മൊജ്തബ ദീർഘകാലമായി ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ശക്തമായ സമ്മർദത്തിന് വഴങ്ങിയാണ് പുരോഹിത സഭ മൊജ്തബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതെന്നാണ് വിവരം.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.
