റഷ്യക്ക് മേൽ കൂടുതൽ ഉപരോധം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കൂടുതൽ തീരുവ: ട്രംപ്

യുക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് റഷ്യക്ക് മേൽ അടുത്ത ഘട്ട ഉപരോധത്തിന് തയ്യാറെടുക്കുകയാണെന്ന് ട്രംപ് പറഞ്ഞത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടില്ല
ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ തീരുവ നടപടികൾ തുടരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. റഷ്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ബെസന്റ് പറഞ്ഞു.
പ്രതികാര ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന് നടക്കും. വ്യാപാര കരാർ ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ കമ്മീഷണർമാർ ഇന്ന് ഡൽഹിയിലെത്തും.