വേതന വർധനവ് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം: ബംഗ്ലാദേശിൽ 500-ലധികം വസ്ത്രനിർമാണ ശാലകൾ അടച്ചു പൂട്ടി!

ധാക്ക

ധാക്ക: ബംഗ്ലാദേശിലെ സാമ്പത്തിക അടിത്തറയായ വസ്ത്രനിർമാണ (ഗാർമെന്റ്) മേഖലയിൽ വേതന വർധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭം രൂക്ഷമാകുന്നു. സമരം ശക്തമായതോടെ രാജ്യത്തുടനീളം 500-ലധികം ഫാക്ടറികളുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കുകയും അടച്ചുപൂട്ടുകയും ചെയ്തു.

​പ്രതിമാസ മിനിമം വേതനം 30,000 ടാക്കയായി (ബംഗ്ലാദേശി കറൻസി) ഉയർത്തണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. നിലവിൽ ലഭിക്കുന്ന 12,500 ടാക്ക മിനിമം വേതനം ജീവനക്കാരെയും കുടുംബങ്ങളെയും മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്തമല്ലെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

​രാജ്യത്തെ പ്രധാന വ്യവസായ മേഖലകളായ ധാക്ക, ഗാസിപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. പ്രധാന ഹൈവേകൾ ഉപരോധിച്ചതിനെത്തുടർന്ന് പലയിടങ്ങളിലും പൊലീസും പ്രക്ഷോഭകരും തമ്മിൽ കനത്ത ഏറ്റുമുട്ടലുണ്ടായി.

​പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ വേജ് ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. 40 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നതും രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികം പങ്കുവഹിക്കുന്നതുമായ ഈ മേഖലയിലെ സമരം ബംഗ്ലാദേശ് സാമ്പത്തിക രംഗത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 

Tags

Share this story