നേപ്പാൾ അതിർത്തിയിൽ പ്രകൃതിദത്ത തടയണകൾ: ഹിമപാത ഭീഷണി ഒഴിവാക്കാൻ നീക്കങ്ങളുമായി ചൈന
ബീജിംഗ്: ചൈന-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ ഹിമപാതത്തെ തുടർന്ന് നദികളിൽ രൂപപ്പെട്ട പ്രകൃതിദത്ത തടയണകളും തടാകങ്ങളും സൃഷ്ടിക്കുന്ന വൻ ദുരന്ത സാധ്യത ഒഴിവാക്കാൻ ചൈന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ടിബറ്റ് മേഖലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെയും പ്രളയത്തെയും തുടർന്ന് വലിയ തോതിൽ പാറക്കല്ലുകളും മണ്ണും അടിഞ്ഞുകൂടിയാണ് തടസ്സങ്ങൾ രൂപപ്പെട്ടത്. ഇതിനു പിന്നിൽ ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം കെട്ടിക്കിടക്കുന്നത് തടയണ പൊട്ടി താഴോട്ടുള്ള പ്രദേശങ്ങളിലേക്ക് വൻ പ്രളയമായി ഒഴുകിയെത്താൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതേത്തുടർന്ന് തടയണ തകർന്ന് വെള്ളം അനിയന്ത്രിതമായി പുറത്തേക്ക് ഒഴുകുന്നത് തടയാൻ ചൈനീസ് എഞ്ചിനീയറിംഗ് സംഘവും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി ചാലുകൾ കീറി വെള്ളം സുരക്ഷിതമായി പുറന്തള്ളാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നേപ്പാളിലേക്കും ഇന്ത്യയിലെ നദീതടങ്ങളിലേക്കും വെള്ളം പെട്ടെന്ന് കുതിച്ചെത്താനുള്ള സാധ്യത മുൻനിർത്തി ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികൃതർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
