നേപ്പാൾ പ്രളയം: മരണസംഖ്യ 538 ആയി ഉയർന്നു, അതിർത്തിയിൽ വീണ്ടും പ്രളയഭീഷണി
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ഭയാനകമായ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നു. 977 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനുപുറമെ, ത്രിശൂലി 3എ (Trishuli 3A) ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ നൂറോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഭോട്ടെ കോശി നദിയിലുണ്ടായ മിന്നൽ പ്രളയമാണ് രാജ്യത്ത് വൻ ദുരന്തം വിതച്ചത്. കാണാതായവരിൽ 517 വിദേശ പൗരന്മാരും 127 പ്രവാസി നേപ്പാളികളും ഉൾപ്പെടുന്നു. ഇതിന് പുറമെ നേപ്പാൾ പോലീസ്, സൈന്യം തുടങ്ങിയ സുരക്ഷാ സേനകളിലെ നിരവധി ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്.
രക്ഷാപ്രവർത്തനം ഊർജ്ജിതം
13,295-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 15 ഹെലികോപ്റ്ററുകളെയുമാണ് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി വിന്യസിച്ചിരിക്കുന്നത്. ഇതുവരെ ഹെലികോപ്റ്റർ വഴി ആയിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും സർക്കാർ സംവിധാനങ്ങൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശ പൗരന്മാർക്ക് അടിയന്തര സഹായം ഏകോപിപ്പിക്കുന്നതിനായി എമർജൻസി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ത്രിശൂലി-I പ്രോജക്റ്റിലെ 63 തൊഴിലാളികളും കൈലാസ് മാനസരോവർ യാത്രയ്ക്ക് പോയ 21 തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ 84 ഇന്ത്യക്കാരെ ദുരന്തബാധിത പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ ചൈനീസ് അതിർത്തിയായ ടിബറ്റിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരത്തിലധികം ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
വീണ്ടും പ്രളയ മുന്നറിയിപ്പ്
ദുരന്തത്തിനിടെ നേപ്പാൾ-ചൈന അതിർത്തിയിൽ വീണ്ടും പ്രളയഭീഷണി നിലനിൽക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടലിനെയും മറ്റും തുടർന്ന് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി രൂപപ്പെട്ട വലിയ തടാകങ്ങൾ പൊട്ടാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. നദീതീരങ്ങളിൽ ഉള്ളവരോടും രക്ഷാപ്രവർത്തകരോടും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനമുള്ളതിനാൽ ആശങ്ക വർദ്ധിക്കുകയാണ്.
