നേപ്പാൾ പ്രളയം; ഈഷ ഫൗണ്ടേഷന്റെ 80 പേരെക്കുറിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും വിവരമില്ല: തിരച്ചിൽ തുടരുന്നു
കാഠ്മണ്ഡു / ബംഗളൂരു: നേപ്പാൾ-തിബത്ത് അതിർത്തിയിലുണ്ടായ തീവ്ര പ്രളയത്തെയും മിന്നൽ പ്രളയത്തെയും തുടർന്ന് ഈഷ ഫൗണ്ടേഷന്റെ കൈലാസ മാനസസരോവർ യാത്രയിൽ പങ്കെടുത്ത 77 തീർത്ഥാടകരെയും 3 വളണ്ടിയർമാരെയും കുറിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷവും വിവരമൊന്നും ലഭിച്ചില്ലെന്ന് ഈഷ ഫൗണ്ടേഷൻ അറിയിച്ചു.
കൈലാസ മാനസസരോവർ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ തിബത്ത് അതിർത്തിയിലെ ഗൈറോങ് (Gyirong) ഇമിഗ്രേഷൻ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് പെട്ടെന്നുണ്ടായ പ്രളയത്തിൽപ്പെട്ട് ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. കാണാതായ 80 പേരിൽ 53 പേർ ഇന്ത്യൻ വംശജരാണ്. കൂടാതെ അമേരിക്ക, കാനഡ, യുകെ തുടങ്ങി 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും സംഘത്തിലുണ്ട്.
ദുരന്തഭൂമിയിൽ ഇന്ത്യാ-ചൈന-നേപ്പാൾ സർക്കാരുകളുടെയും പ്രാദേശിക അധികൃതരുടെയും നേതൃത്വത്തിൽ തിരച്ചിലും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഔദ്യോഗിക റെസ്ക്യൂ ടീമുകൾക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും പിന്തുണയും എത്തിച്ചുനൽകാൻ പ്രാദേശിക എംബസികളുമായും രക്ഷാപ്രവർത്തകരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഈഷ ഫൗണ്ടേഷൻ വ്യക്തമാക്കി.
