നേപ്പാൾ മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ തീയിട്ടു കൊന്നു; ധനകാര്യമന്ത്രിയെ തെരുവിൽ കൈകാര്യം ചെയ്തു

സമൂഹമാധ്യമ നിരോധനത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം നേപ്പാളിൽ കലാപമായി മാറിയതിന് പിന്നാലെ വ്യാപക അക്രമങ്ങൾ. മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജലക്ഷ്മി ചിത്രകാറിനെ പ്രക്ഷോഭകാരികൾ വീടിന് തീയിട്ട് കൊലപ്പെടുത്തി. ധനകാര്യ മന്ത്രി ബിഷ്ണു പൗഡലിനെ ജനക്കൂട്ടം തെരുവിലിട്ട് തല്ലിച്ചതച്ചു.
മുൻ പ്രധാനമന്ത്രി ഷെർ ബഹാദൂർ ദുബെയുടെ വീട് ആക്രമിച്ച പ്രക്ഷോഭകാരികൾ അദ്ദേഹത്തിന്റെ ഭാര്യയും വിദേശകാര്യ മന്ത്രിയുമായ അർസു റാണയെ കയ്യേറ്റം ചെയ്തു. രക്തമൊലിക്കുന്ന മുഖവുമായി ദുബെ നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിനും കലാപകാരികൾ തീയിട്ടു
കലാപം നിയന്ത്രണാതീതമായതോടെ നേപ്പാൾ പ്രധാനമന്ത്രി കെപി ഒലി ശർമ ഇന്നലെ രാജിവെച്ചിരുന്നു. കാഠ്മണ്ഡു വിട്ട ഒലി ശർമയെ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കലാപകാരികൾ പാർലമെന്റിനും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫീസിനും തീയിട്ടു.