നെറ്റ് സീറോ കർശനമാക്കുന്നു: കടുത്ത ചൂടിനിടയിലും ലണ്ടനിൽ വീടുകളിൽ നിന്ന് എസികൾ അഴിച്ചുമാറ്റാൻ നിർദ്ദേശം; പ്രതിഷേധം ശക്തം
ലണ്ടൻ: ആഗോളതാപനം ചെറുക്കുന്നതിനും കാർബൺ വിസർജനം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുമുള്ള 'നെറ്റ് സീറോ' (Net Zero) പദ്ധതികളുടെ ഭാഗമായി യുകെയിൽ എയർ കണ്ടീഷണറുകൾക്ക് (എസി) കടുത്ത നിയന്ത്രണം. ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ പുതിയ ഫ്ലാറ്റുകളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള എയർ കണ്ടീഷണറുകൾ അധികൃതർ നിർബന്ധിതമായി അഴിച്ചുമാറ്റിക്കുന്നത് വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
യുകെയിലെ പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച്, ജനലുകൾ തുറന്നിടുകയോ ഫാനുകൾ ഉപയോഗിക്കുകയോ പോലുള്ള സ്വാഭാവിക മാർഗ്ഗങ്ങളിലൂടെ (Passive Cooling) ചൂട് കുറയ്ക്കാൻ സാധിക്കാത്ത അടിയന്തര ഘട്ടങ്ങളിൽ മാത്രമേ എസികൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇതിന്റെ ഭാഗമായി നോർത്ത് ലണ്ടനിലെ ഒരു താമസക്കാരനോട് താൻ സ്ഥാപിച്ച രണ്ട് എസി യൂണിറ്റുകൾ സ്ഥിരമായി നീക്കം ചെയ്യാൻ നഗരസഭ ആവശ്യപ്പെട്ടത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബ്രിട്ടനിൽ സമീപകാലത്ത് റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തുന്നത്. ചൂട് പ്രതിരോധിക്കാൻ തക്കവണ്ണമല്ല യുകെയിലെ ഭൂരിഭാഗം വീടുകളും നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ എസി വിലക്ക് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ലണ്ടൻ മേയർ സാദിഖ് ഖാന്റെ 'ലണ്ടൻ പ്ലാൻ 2021' അനുസരിച്ചും എസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല.
അതേസമയം, എസികൾ അമിതമായി വൈദ്യുതി ഉപയോഗിക്കുന്നത് രാജ്യത്തെ പവർ ഗ്രിഡിനെ ബാധിക്കുമെന്നും 2050-ഓടെ ലക്ഷ്യമിടുന്ന നെറ്റ് സീറോ പദ്ധതികളെ ഇത് പിന്നോട്ടടിക്കുമെന്നുമാണ് നിലവിലെ ലേബർ പാർട്ടി സർക്കാരിന്റെ വാദം. എന്നാൽ, ഈ 'എസി വിരുദ്ധ' നിയമത്തിനെതിരെ രാജ്യത്ത് രാഷ്ട്രീയ പോരാട്ടവും ശക്തമായിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങൾ അധികാരത്തിൽ വന്നാൽ ഈ കരിനിയമം റദ്ദാക്കുമെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി വ്യക്തമാക്കി. അമേരിക്കയിലും സിംഗപ്പൂരിലും എസികൾ വ്യാപകമായി ഉപയോഗിക്കുമ്പോൾ യുകെയിൽ മാത്രം എന്തുകൊണ്ടാണ് ഈ വിലക്കെന്നാണ് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നത്. എന്നാൽ, കൃത്യമായ അനുമതിയില്ലാതെ ഫ്ലാറ്റുകളുടെ ചുമരുകൾ തുരന്ന് എസി സ്ഥാപിച്ചവർക്കെതിരെയാണ് തദ്ദേശ സ്ഥാപനങ്ങൾ നിയമനടപടി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
