ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു; ഹമാസ് പൂർണമായി നിരായുധീകരിക്കും വരെ സൈന്യം പിന്മാറില്ലെന്ന് ഇസ്രായേൽ
തെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ ബോർഡ് ഓഫ് പീസ് തയ്യാറാക്കിയ 15 ഇന പദ്ധതിയുടെ കരട് പ്രകാരം ഗാസയിൽ സൈനിക പിന്മാറ്റം നടത്താൻ ഇസ്രായേൽ തയ്യാറല്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
ഹമാസ് പൂർണ്ണമായും ആയുധം വെച്ച് കീഴടങ്ങാതെ ഗാസയിലെ നിലവിലെ സൈനിക നിലപാടുകളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഗാസയിൽ സമാധാന കരാറിനായി വലിയ മുന്നേറ്റം ഉണ്ടായെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇസ്രായേലിന്റെ ഈ തീരുമാനം.
കരാറിന്റെ കരട് അമേരിക്കൻ ഭരണകൂടം കൈമാറിയിരുന്നുവെങ്കിലും അതിലെ പ്രധാന നിർദ്ദേശങ്ങളോട് തങ്ങൾ യോജിക്കുന്നില്ലെന്ന് ഇസ്രായേൽ അറിയിച്ചു. എന്നാൽ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്ത ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്ന് ഹമാസും നിലപാടെടുത്തതോടെ ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
