ലബനനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് നെതന്യാഹു; പോരാട്ടം തുടരുമെന്ന് മുന്നറിയിപ്പ്: ഹിസ്ബുള്ള ആക്രമണത്തിന് സാധ്യതയെന്ന് ഐഡിഎഫ്

Lebanan

ജെറുസലേം: പതിറ്റാണ്ടുകളായി തുടരുന്ന ശത്രുത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയെ നിരായുധരാക്കുക, ഇരുരാജ്യങ്ങൾക്കുമിടയിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുക എന്നിവയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലുള്ള ഇറാൻ വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

​ചർച്ചകൾക്ക് പച്ചക്കൊടി കാട്ടുമ്പോഴും ലബനനിൽ ഇപ്പോൾ വെടിനിർത്തൽ നിലവിലില്ലെന്ന് നെതന്യാഹു ആവർത്തിച്ചു. വടക്കൻ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ നിലപാട്. "ശക്തമായ നിലപാടിൽ നിന്നുകൊണ്ടുള്ള സമാധാനമാണ് ഇസ്രായേൽ ആഗ്രഹിക്കുന്നത്," അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അടുത്തയാഴ്ച വാഷിംഗ്ടണിൽ വെച്ച് ചർച്ചകൾ ആരംഭിക്കുമെന്നാണ് സൂചന.

​അതേസമയം, ഇസ്രായേൽ നീക്കത്തിനെതിരെ ഹിസ്ബുള്ള വൻതോതിലുള്ള റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾക്ക് മുതിരാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി അതിർത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും സൈന്യം അതീവ ജാഗ്രതയിലാണ്. ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുള്ള ഏതൊരു പ്രകോപനത്തിനും കടുത്ത ഭാഷയിൽ മറുപടി നൽകാൻ സജ്ജമായിരിക്കാൻ വ്യോമസേനയ്ക്കും കരസേനയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സമാധാന ചർച്ചകൾക്കിടയിലും ലബനൻ അതിർത്തിയിൽ സംഘർഷാവസ്ഥ പുകയുകയാണ്.

Tags

Share this story