ട്രംപ് ആവശ്യപ്പെട്ടാലും നെതന്യാഹുവിനൊപ്പം സഖ്യമില്ല; നിലപാട് വ്യക്തമാക്കി ഗാഡി ഐസൻകോട്ട്

ഈസ്രായേൽ

ടെല്‍ അവീവ്: ഇസ്രായേലിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ലിക്കുഡ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹുവുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായ യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടാല്‍ പോലും ഈ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാന്‍ ആണ് (KAN) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയിലാണ് ഐസന്‍കോട്ട് ഈ നിലപാട് വ്യക്തമാക്കിയതെന്ന് പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഞാന്‍ ഒരിക്കലും നെതന്യാഹുവിനൊപ്പം ഒരു സര്‍ക്കാരിന്റെ ഭാഗമാകില്ല,' അദ്ദേഹം പറഞ്ഞു. 'ഒരുപക്ഷേ ട്രംപ് എന്നെ ക്ഷണിക്കുകയാണെങ്കില്‍, ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണത്തെ ബഹുമാനിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്യും. എന്നാല്‍ ഒരു ഭരണസഖ്യം രൂപീകരിക്കുന്നത് ഇസ്രായേലിന്റെ ആഭ്യന്തര കാര്യം മാത്രമാണെന്നും അതില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്നും ഞാന്‍ ഊന്നിപ്പറയും,' ഐസന്‍കോട്ട് പറഞ്ഞതായി കാന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, തെരഞ്ഞെടുപ്പിന് പിന്നാലെ വിശാല സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിക്കുമ്പോഴും പ്രധാനമന്ത്രി സ്ഥാനത്ത് താന്‍ തന്നെ തുടരണമെന്ന നിലപാടില്‍ നെതന്യാഹു ഉറച്ചുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിഷ് വാര്‍ത്താ ഏജന്‍സിയായ അനഡോലുവിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

'ഭീകരവാദത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരു പാര്‍ട്ടികളുമായും തങ്ങളുടെ പങ്കാളികളുമായും വിശാലമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലിക്കുഡ് പാര്‍ട്ടി ആഗ്രഹിക്കുന്നു,' എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ നെതന്യാഹു കുറിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം ജൂതവിഭാഗവും തന്നെ അടുത്ത സര്‍ക്കാരിനെ പ്രധാനമന്ത്രിയായും ലിക്കുഡ് പാര്‍ട്ടിയെ ഏറ്റവും വലിയ കക്ഷിയായും തെരഞ്ഞെടുത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ടുഗെദര്‍ പാര്‍ട്ടി, യയര്‍ ഗോലാന്റെ ഡെമോക്രാറ്റ്സ് പാര്‍ട്ടി, അവിഗ്ദോര്‍ ലീബര്‍മാന്റെ യിസ്രായേല്‍ ബെയ്തേനു പാര്‍ട്ടി എന്നിവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ചുമതലപ്പെടുത്തണമെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗിനോട് ശുപാര്‍ശ ചെയ്യാനൊരുങ്ങുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുന്നതോടെ ഐസന്‍കോട്ടിന് 48 എംപിമാരുടെ പിന്തുണയുണ്ടാകും. രണ്ട് അറബ് പാര്‍ലമെന്ററി സഖ്യങ്ങളും ഐസന്‍കോട്ടിനെ പിന്തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 120 അംഗ നെസെറ്റില്‍ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ 67 ആയി ഉയരാനുളള സാധ്യതകളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ പ്രസിഡന്റിനെ സമീപിച്ച് ശുപാര്‍ശ ചെയ്തതുകൊണ്ട് മാത്രം പ്രതിപക്ഷ കക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അറബ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ ഭാഗമാകില്ലെന്നും അവരുടെ പാര്‍ലമെന്ററി പിന്തുണയെ ആശ്രയിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്നും ലീബര്‍മാന്‍ നേരത്തെ നിലപാടെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ 53 സീറ്റുകളാണ് നെതന്യാഹുവിന്റെ പാര്‍ട്ടി നേടിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ 48 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളും പിടിച്ചു. ആര്‍ക്കും തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.

Tags

Share this story