അമേരിക്കയിൽ 'നോ കിംഗ്‌സ്' പ്രതിഷേധം; ട്രംപിനെതിരെയും യുദ്ധത്തിനെതിരെയും ആയിരങ്ങൾ തെരുവിലിറങ്ങി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണപരിഷ്കാരങ്ങൾക്കും ഇറാൻ യുദ്ധത്തിനുമെതിരെ 'നോ കിംഗ്‌സ്' (No Kings) എന്ന പേരിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് വാഷിംഗ്ടൺ ഡി.സി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ പ്രതിഷേധ മാർച്ചിനായി ഒത്തുചേർന്നത്.
നിലവിലെ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾ, വർധിച്ചുവരുന്ന ജീവിതച്ചെലവ്, ഇറാനുമായുള്ള സൈനിക നീക്കം എന്നിവയ്‌ക്കെതിരെയാണ് ജനരോഷം ഇരമ്പിയത്. ജനാധിപത്യ രാജ്യത്ത് 'രാജാക്കന്മാരെപ്പോലെയുള്ള' അധികാരിയല്ല വേണ്ടതെന്നും ജനങ്ങളുടെ ശബ്ദം കേൾക്കുന്ന ഭരണകൂടമാണ് ആവശ്യമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. 'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്' എന്ന പ്ലക്കാർഡുകൾ ഏന്തിയാണ് മാർച്ചുകൾ നടന്നത്.
മിനസോട്ടയിൽ നടന്ന പ്രതിഷേധത്തിൽ പ്രശസ്ത സംഗീതജ്ഞൻ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ട്രംപ് അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ വലിയ ജനകീയ പ്രതിഷേധമാണിത്.
