ഞങ്ങളെ ആർക്കും തടയാനാകില്ലെന്ന് ഷീ; ആണവ മിസൈലുകൾ അടക്കം പ്രദർശിപ്പിച്ച് ചൈനയിൽ വൻ പരേഡ്

തങ്ങളെ ആർക്കും തടയാനാകില്ലെന്നും ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയം അനുസ്മരിക്കാനായി സംഘടിപ്പിച്ച വിജയദിന പരേഡിൽ സംസാരിക്കുകയായിരുന്നു ജിൻപിങ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രത്തലവൻമാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്
അമേരിക്കക്ക് പരോക്ഷ മുന്നറിയിപ്പായിട്ടാണ് ചൈനീസ് പ്രസിഡന്റിന്റെ വാക്കുകൾ കാണുന്നത്. യുഎസ് ഉയർന്ന തീരുവ ചുമത്തിയതിനെ തുടർന്ന് ചൈനയും ഇന്ത്യയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. ചൈനീസ് ആയുധശക്തി വിളിച്ചോതുന്നതായിരുന്നു പരേഡ്. അത്യാധുനിക ആണവ മിലൈസുകൾ അടക്കം പരേഡിൽ പ്രദർശിപ്പിച്ചു
പതിനായിരം സൈനികരാണ് പരേഡിൽ പങ്കെടുക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെതിരെ നേടിയ വിജയം ആഘോഷിക്കാനാണ് പരേഡ് സംഘടിപ്പിച്ചത്. എന്നാൽ ജപ്പാൻ അധിനിവേശത്തിൽ നിന്ന് കരകയറാൻ ചൈനയെ സഹായിച്ച യുഎസിനെ പരാമർശിക്കുമോയെന്ന് ട്രംപ് ചോദിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു.