തീവ്രവാദ നിലപാടുകൾ: ഫ്ലൈദുബായ് സഹപൈലറ്റിന് ഒമാൻ മുൻപ് വിലക്കേർപ്പെടുത്തിയിരുന്നതായി റിപ്പോർട്ട്

Fly Dubai

ടെൽ അവീവ്: 182 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനം അപകടപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോ-പൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽഹമാമിയെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്. തീവ്രവാദ നിലപാടുകൾ പുലർത്തുന്നു എന്ന ആശങ്കയെത്തുടർന്ന് ഇയാളെ സ്വന്തം നാടായ ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് നേരത്തെ വിലക്കിയിരുന്നുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.

​എന്നാൽ, ഈ വിലക്കിന് ശേഷമാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈദുബായ് കമ്പനി ഇയാളെ ജോലിയിൽ പ്രവേശപ്പിച്ചത്. എന്നാൽ, ജോലി നൽകുന്നതിന് മുമ്പ് ഇയാളുടെ പശ്ചാത്തലം വേണ്ടത്ര പരിശോധിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.

​കഴിഞ്ഞ ബുധനാഴ്ച കോക്പിറ്റിൽ വെച്ച് ക്യാപ്റ്റനെ ആക്രമിച്ച അൽഹമാമി വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറും യാത്രക്കാരും ചേർന്ന് സാഹസികമായി കോ-പൈലറ്റിനെ കീഴടക്കിയതിനെ തുടർന്നാണ് വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കാനായത്.

​സംഭവത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖല ശക്തമായ സുരക്ഷാ ആശങ്കയിലാണ്. യുഎഇ അധികൃതരുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags

Share this story