ഇറാന്റെ ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി തകർക്കാനുണ്ട്; പത്ത് മിനിറ്റിന്റെ കാര്യം മാത്രം: ഭീഷണിയുമായി ഡോണൾഡ് ട്രംപ്

ഇറാൻ

ഇറാനിലെ ശേഷിക്കുന്ന സൈനിക-ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പ്രധാന ആണവ-സൈനിക ശേഷികൾ മുൻപ് തന്നെ തകർത്തതാണെന്നും, ഇനി ആക്രമിക്കാൻ "ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ" മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ലോറിഡയിലെ തന്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​"ഇറാൻ ഇനി ഒരിക്കലും ഒരു ആണവായുധം നിർമിക്കാൻ ഇടയാകില്ല. ഞങ്ങൾക്ക് ഇനി കൈകാര്യം ചെയ്യാൻ ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി ബാക്കിയുണ്ട്, എന്നാൽ അത് വെറും 10 മിനിറ്റിന്റെ കാര്യം മാത്രമാണ്" എന്ന് ട്രംപ് പറഞ്ഞു.

​യുഎസിനും ഇസ്രയേലിനും എതിരെ തിരിച്ചടിക്കാൻ തങ്ങളുടെ സൈന്യത്തോട് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത മുന്നറിയിപ്പ് പുറത്തുവന്നത്. എന്നാൽ, ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

Tags

Share this story