പഹൽഗാം ഭീകരാക്രമണം: ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക
Jul 18, 2025, 10:52 IST
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദി റസിസ്റ്റന്റ് ഫ്രണ്ടിനെ(ടിആർഎഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ടിആർഎഫിനെ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിരുന്നു പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയിബയുടെ അനുബന്ധ സംഘടനയാണ് ടിആർഎഫ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പാക്കുന്നതിനാണ് നടപടിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു ടിആർഎഫിനെ ഒരു വിദേശ ഭീകര സംഘടനയായും പ്രത്യേകം നിയോഗിക്കപ്പെട്ട ആഗോള ഭീകര സംഘടനയായും മുദ്ര കുത്തുമെന്ന് മാർക്കോ റൂബിയോ അറിയിച്ചു. ഭീകരതയെ ചെറുക്കുന്നതിനും അമേരിക്കയുടെ ദേശീയ സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്നും മാർക്കോ റൂബിയോ പറഞ്ഞു
