പാകിസ്ഥാൻ ഒറ്റപ്പെടുന്നു; നയാ പൈസയില്ല: ഇനി ഒരേയൊരു വഴി മാത്രം

PAK

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പകിസ്ഥാൻ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം കുറയുകയാണ്. മുങ്ങിത്താഴുന്ന പാക് സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ഇനി കുറച്ച് വഴികൾ മാത്രമെ അവശേഷിക്കുന്നുള്ളൂ. അതിലൊന്നാണ് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള സഹായം. അതേസമയം ദരിദ്രരായ പാകിസ്ഥാന് വായ്പ നൽകുന്നതിന് ഐഎംഎഫ് ചില വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനെ സഹായിക്കാൻ അന്താരാഷ്ട്ര നാണയ നിധി ഏർപ്പെടുത്തിയ വ്യവസ്ഥകൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും. വ്യവസ്ഥകളിൽ ഒന്ന് ഗ്രേഡ് 17-ഉം അതിനുമുകളിലും റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്തുവിവരങ്ങൾ പങ്കിടാൻ ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാരിനോട് ഐഎംഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമാത്രമല്ല, ഈ ഉദ്യോഗസ്ഥരെക്കൂടാതെ ഇവരുടെ കുടുംബത്തിന്റെ സ്വത്തുവിവരങ്ങളും തേടിയിട്ടുണ്ട്.

ബജ്വ ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ

കുറഞ്ഞ കാലയളവ് കൊണ്ട് സമ്പന്നരായ പാവപ്പെട്ടവരായിരുന്ന രാഷ്ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും കണക്കുകൾ പുറത്തുവന്നിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേസ് ബജ്വ. അദ്ദേഹത്തിന്റെ ഭരണകാലത്ത് ബജ്വയുടെ മാത്രമല്ല, അയാളുടെ കുടുംബത്തിന്റേയും സ്വത്ത് വർദ്ധിച്ചിരുന്നു. ബജ്വ മാത്രമല്ല, പാകിസ്ഥാൻ നേതാക്കളുടെ സ്വത്തും ചർച്ചയായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഐഎംഎഫിന്റെ ഈ നിബന്ധന പാകിസ്ഥാൻ സർക്കാർ അംഗീകരിച്ചാൽ ഞെട്ടിക്കുന്ന വലിയ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കും.

രണ്ട് ദിവസത്തിനകം തീരുമാനം 

പാകിസ്ഥാനെ സഹായിക്കാൻ ഷെഹ്ബാസ് സർക്കാർ അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച നടത്തി വരികയാണ്. ഇതിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായേക്കും. 2023 ഫെബ്രുവരി 9 എന്ന തീയതിയാണ് ഐഎംഎഫ് അന്തിമ ചർച്ച നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ, പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്ഥാന്റെ മുഴുവൻ പ്രതീക്ഷയും ഐഎംഎഫിലാണ്. പാകിസ്ഥാനിൽ പണപ്പെരുപ്പം ഉയരുകയാണ്, ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പാകിസ്ഥാന്റെ ഖജനാവിൽ ഒരാഴ്ചത്തെ പണമേ ബാക്കിയുള്ളൂ. അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയാത്തതിനാൽ, മൈദ-പയർ-അരി-പാൽ മുതൽ ചിക്കൻ, ഗ്യാസ്, മരുന്നുകൾ തുടങ്ങിയ വസ്തുക്കളുടെ ദൗർലഭ്യം രാജ്യത്ത് രൂക്ഷമായിട്ടുണ്ട്. ആളുകൾ ഭക്ഷണത്തിനായി പോരാടുകയാണ്.

പാകിസ്ഥാൻ കടക്കെണിയിൽ

പാകിസ്ഥാനിൽ ഇത്തരമൊരു മോശം സാഹചര്യം പെട്ടെന്നുണ്ടായതല്ല. പ്രകൃതിക്ഷോഭവും കടഭാരവും സർക്കാരിന്റെ അനാസ്ഥയും കാരണം രാജ്യത്തെ ജനങ്ങൾ ഭക്ഷണത്തിനായി പട്ടിണിയിലാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അതിരൂക്ഷമായ വെള്ളപ്പൊക്കം രാജ്യത്തിന്റെ മുഖച്ഛായ നശിപ്പിക്കുകയും ജീവനും സ്വത്തിനും ഒപ്പം വൻ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുകയും ചെയ്തു. രാജ്യത്തെ സർക്കാർ ഖജനാവ് 130 ബില്യൺ ഡോളറിന്റെ കടത്തി കീഴിലാണ്. ചൈനയും യുഎഇയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പാകിസ്ഥാന് സഹായം എത്തിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ തലത്തിൽ ഒരു മാർഗവും കാണുന്നില്ല. ഇതാണ് വിചിത്രമായ തീരുമാനങ്ങൾ എടുക്കാൻ കാരണം. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ ഊർജ പ്രതിസന്ധി രൂക്ഷമായതിനാൽ, രാജ്യത്തുടനീളമുള്ള മാർക്കറ്റ്-വിവാഹ ഹാളുകൾ നേരത്തേ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതുമാത്രമല്ല, പകൽ വെളിച്ചത്തിൽ യോഗങ്ങൾ നടത്താൻ സർക്കാർ ഓഫീസുകൾക്ക് നിർദേശം നൽകി. 100 വാട്ടിന്റെ മഞ്ഞ ബൾബുകളുടെയും ഫാനുകളുടെയും ഉൽപ്പാദനം നിർത്തിവയ്ക്കാനും ഉത്തരവായിരുന്നു.

Share this story