അമേരിക്ക-ഇറാൻ ചർച്ചകൾക്ക് വേദിയാകാൻ പാക്കിസ്ഥാൻ; സംഘർഷം അവസാനിപ്പിക്കാൻ നിർണായക നീക്കം
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയാകുമെന്ന് റിപ്പോർട്ട്. അടുത്ത ദിവസം തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെക്കുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നയതന്ത്ര നീക്കം
പാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ചർച്ചകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചർച്ചകളിൽ പങ്കെടുത്തേക്കും. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചത് ഇസ്രായേലിനെയും അമ്പരപ്പിച്ചിട്ടുണ്ട്
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വാഗ്ദാനം ചെയ്തു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഷെരീഫ് ഫോണിൽ സംസാരിച്ചു. പാക് സൈനിക മേധാവി അസിം മുനീറും ഇറാൻ പ്രസിഡന്റുമായും ട്രംപുമായും ചർച്ചകൾ നടത്തിയതായാണ് വിവരം
