പാകിസ്താൻ ചരക്കുവിമാനം അറബിക്കടലിൽ തകർന്നു വീണു; 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അവശിഷ്ടങ്ങൾ കണ്ടെത്തി: 5 ജീവനക്കാർക്കായി തിരച്ചിൽ തുടരുന്നു

Pak

ഇസ്ലാമാബാദ്: യു.എ.ഇയിലെ ഷാർജയിൽ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണു. അപകടത്തിൽപ്പെട്ട കെ2 എയർവേയ്‌സിന്റെ (K2 Airways) ബോയിംഗ് 737 വിമാനത്തിന്റെ അവശിഷ്ടങ്ങൾ 12 മണിക്കൂർ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ കണ്ടെത്തിയതായി പാകിസ്താൻ എയർപോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. പാകിസ്താൻ തീരദേശ നഗരമായ ഒർമാരയ്ക്ക് (Ormara) തെക്ക് 53 നോട്ടിക്കൽ മൈൽ മാറിയാണ് കടലിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

​വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് ഫ്ലൈറ്റ് എഞ്ചിനീയർമാരും ഒരു ലോഡ്മാസ്റ്ററും ഉൾപ്പെടെ അഞ്ച് ജീവനക്കാരെക്കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

​ചൊവ്വാഴ്ച രാത്രി കറാച്ചിക്ക് സമീപം വെച്ചാണ് വിമാനത്തിന് നാവിഗേഷൻ തകരാർ (Navigational system issue) സംഭവിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പാകിസ്താൻ നാവികസേന, വ്യോമസേന, മാരിടൈം റെസ്ക്യൂ ഏജൻസി എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ കടലിൽ തിരച്ചിൽ പുരോഗമിക്കുന്നത്. അപകടകാരണം കണ്ടെത്താൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story