ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി; യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും

Pakistan

ഇന്ത്യക്കെതിരായ ഭീഷണികളുടെ നീണ്ട പട്ടികയിലേക്ക് പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയെയും ഉൾപ്പെടുത്തി പാകിസ്താൻ. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അത് അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്നും ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്ക് നീളുമെന്നും പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കൊൽക്കത്തയെ ലക്ഷ്യം വെക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചത്.

"ഇന്ത്യ ഇത്തവണ ഏതെങ്കിലും തരത്തിലുള്ള വ്യാജ ഓപ്പറേഷനുകൾക്ക് (False Flag Operation) മുതിർന്നാൽ, ഇൻഷാ അള്ളാ, ഞങ്ങൾ അത് കൊൽക്കത്തയിലേക്ക് എത്തിക്കും," ആസിഫ് പറഞ്ഞു. സ്വന്തം ആളുകളെയോ അല്ലെങ്കിൽ തടവിലുള്ള പാകിസ്താനികളെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ പ്ലാന്റ് ചെയ്ത് ഭീകരാക്രമണമെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി സൂചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിന് ആധാരമായ തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.

കൊൽക്കത്തയെക്കുറിച്ച് മാത്രമല്ല ഖാജ ആസിഫ് പരാമർശിച്ചത്. അടുത്ത തവണ സംഘർഷമുണ്ടായാൽ അത് 200 മുതൽ 250 കിലോമീറ്റർ പരിധിയിൽ ഒതുങ്ങില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. "അവർ വീണ്ടും ശ്രമിച്ചാൽ കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനം നേരിടേണ്ടി വരും. ഇത്തവണ ഞങ്ങൾ അവരുടെ മണ്ണിൽ പ്രവേശിക്കും, അവരുടെ വീടുകൾക്കുള്ളിൽ കയറി അവരെ ആക്രമിക്കും," ആസിഫ് പ്രകോപനപരമായി സംസാരിച്ചു.

കിഴക്കൻ മേഖലയിലേക്ക് യുദ്ധം വ്യാപിപ്പിക്കുമെന്ന പാക് ഭരണകൂടത്തിന്റെ മുൻകാല ഭീഷണികളുടെ തുടർച്ചയായാണ് ഈ പ്രസ്താവനയെ വിലയിരുത്തുന്നത്.

Tags

Share this story