അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ പ്രത്യാക്രമണം; 25 ഭീകരരെ വധിച്ചതായി റിപ്പോർട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ 25 ഭീകരർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് മറുപടിയായാണ് അതിർത്തി കടന്ന് അഫ്ഗാൻ മണ്ണിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം വ്യോമാക്രമണവും കരസേനാ ഓപ്പറേഷനും നടത്തിയത്.
അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാർ എന്നീ പ്രവിശ്യകളിലെ ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. നിരോധിത സംഘടനകളായ തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (TTP), ജമാത്ത്-ഉൽ-അഹ്‌റാർ എന്നിവയുടെ ക്യാമ്പുകൾ പൂർണ്ണമായും തകർത്തതായും വൻതോതിൽ ആയുധശേഖരം നശിപ്പിച്ചതായും പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം കറാച്ചിയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തി മേഖലകളിൽ പാകിസ്ഥാൻ സൈനിക നടപടി ശക്തമാക്കിയത്. എന്നാൽ പാകിസ്ഥാന്റെ വ്യോമാക്രമണത്തിൽ സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ആരോപിച്ചു. ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്.
