അമേരിക്ക വിസ നിഷേധിച്ചു: യുഎൻ പൊതുസഭയിൽ വീഡിയോ പ്രസം​ഗവുമായി പലസ്തീൻ അതോറിറ്റി പ്രസി‍ഡൻ്റ് മഹ്മൂദ് അബ്ബാസ്

പാല

വാഷിങ്ടൺ: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ തുടർച്ചയായി കുടിയേറ്റങ്ങൾ വ്യാപിപ്പിക്കുകയും ഗാസയിൽ യുദ്ധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യവുമായി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു മഹ്മൂദ് അബ്ബാസ്. മുൻകൂട്ടി റെക്കോർഡ് ചെയ്ത് തയ്യാറാക്കിയ പ്രസംഗത്തിലൂടെയായിരുന്നു അബ്ബാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അമേരിക്ക വിസ അനുവദിക്കാത്തതിനെ തുടർന്ന് മഹ്മൂദ് അബ്ബാസിന് യു എൻ പൊതുസഭയുടെ യോ​ഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

ഗാസയിലെ പലസ്തീൻ ജനത കൊലപാതകം, വ്യാപകമായ നശീകരണം, പട്ടിണി, ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം എന്നിവയ്ക്ക് ഇരയാകുകയാണെന്നും ഇത് വംശഹത്യാ യുദ്ധമായി മാറിയിരിക്കുകയാണെന്നും മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. കിഴക്കൻ ജറുസലേമിനെ ഒറ്റപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അധിനിവേശ സേനയുടെ പിന്തുണയോടെ കുടിയേറ്റക്കാരുടെ അക്രമം വർധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമി കൈയേറ്റം, വീടുകൾ പൊളിച്ചുനീക്കൽ, റോഡുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കൽ, സൈനിക കടന്നുകയറ്റങ്ങൾ എന്നിവയും തുടർന്നുകൊണ്ടിരിക്കുകയാണെന്നും മഹ്മൂദ് അബ്ബാസ് ചൂണ്ടിക്കാണിച്ചു.

വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്നതിന് കാരണമാകുന്ന ഇ1 കുടിയേറ്റ പദ്ധതി നടപ്പാക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ഇ1 കുടിയേറ്റ പദ്ധതികളിൽ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരവും ഉത്തരവാദിത്തപരവുമായ ഇടപെടൽ നടത്തേണ്ടതുണ്ടെന്നും അബ്ബാസ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലിന്റെ ഇത്തരം നയങ്ങൾ. ഇത് ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലൂടെയും സുരക്ഷാ കൗൺസിലിലൂടെയും അന്താരാഷ്ട്ര സമൂഹത്തിന് ഞങ്ങൾ ഏറെക്കാലമായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ് എന്നും അബ്ബാസ് ചൂണ്ടിക്കാണിച്ചു.

പലസ്തീൻ അതോറിറ്റിക്ക് കൈമാറേണ്ടിയിരുന്ന 6 ബില്യൺ ഡോളറിലധികം ഇസ്രയേൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മഹ്മൂദ് ആബ്ബാസ് ആരോപിച്ചു. വെസ്റ്റ് ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ഈ തുക ഉടൻ വിട്ടുനൽകണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ തീവ്രവലതുപക്ഷ ധനമന്ത്രിയാണ് തുക തടഞ്ഞുവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ മുന്നോട്ടുവച്ചതും നിലവിൽ സ്തംഭിച്ചിരിക്കുന്നതുമായ 20 ഇന സമാധാന-വെടിനിർത്തൽ പദ്ധതി നടപ്പാക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി നിർദേശിച്ച പരിഷ്കരണ നടപടികൾ പലസ്തീൻ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ടെന്നും എന്നാൽ ട്രംപ് ഭരണകൂടം പലസ്തീൻ അതോറിറ്റിയുമായി പരസ്യമായി കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നും അബ്ബാസ് കുറ്റപ്പെടുത്തി.

പലസ്തീൻ ജനത സ്വന്തം മണ്ണിൽ തന്നെ തുടരും. കുടിയൊഴിപ്പിക്കലും അപ്രത്യക്ഷമാകലും പലസ്തീൻ ജനത അംഗീകരിക്കില്ല. സൈനിക അധിനിവേശത്തിനോ കുടിയേറ്റ വ്യാപനത്തിനോ കൂട്ടിച്ചേർക്കലിനോ കുടിയേറ്റക്കാരുടെ ഭീകരപ്രവർത്തനങ്ങൾക്കോ ഒരു പരിഹാരമാകാനോ ദീർഘകാല സുരക്ഷ ഉറപ്പാക്കാനോ കഴിയില്ലെന്നും മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. വിസ നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്നും ആതിഥേയ രാജ്യമെന്ന നിലയിൽ അമേരിക്കയ്ക്കുള്ള ബാധ്യതകളുടെ ലംഘനമാണ് ഇതെന്നും അബ്ബാസ് കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ പിൻവലിച്ച് സംവാദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഭാഷയിലേക്ക് മടങ്ങിവരാൻ അമേരിക്കൻ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

Tags

Share this story