ഫലസ്തീൻ ഫുട്ബോൾ ഗോൾകീപ്പർ സലീം അൽ അഷ്‌കർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

പാലസ്തീൻ

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ ഫുട്ബോൾ ഗോൾകീപ്പർ സലീം അൽ അഷ്‌കർ (32) കൊല്ലപ്പെട്ടു. ഗസ്സ സ്ട്രിപ്പിൽ വെച്ചാണ് ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിൽ സലീമിന് ജീവൻ നഷ്ടപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (PFA) സ്ഥിരീകരിച്ചു.

​അഞ്ച് മാസം മുൻപായിരുന്നു സലീം അൽ അഷ്‌കറിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ തങ്ങളുടെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലിരിക്കെയാണ് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും സാധിക്കാതെ സലീം വിടപറഞ്ഞത്. സലീമിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബവും സഹതാരങ്ങളും കായിക ലോകവും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. ചിലിയൻ ഫുട്ബോൾ ക്ലബ്ബായ 'ഡിപ്പോർട്ടീവോ ഫലസ്തീനോ' ഉൾപ്പെടെയുള്ള പ്രമുഖർ സലീമിന്റെ മരണത്തിൽ അനുശോചനം അറിയിക്കുകയും ഗസ്സയിൽ അടിയന്തരമായി സമാധാനവും നീതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കായിക മേഖലയിലെ വൻ നഷ്ടം: 2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ ഇതുവരെ ഫലസ്തീനിലെ ആയിരത്തിലധികം കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിൽ 500-ലധികം പേർ ഫുട്ബോൾ മേഖലയിൽ നിന്നുള്ളവരാണ്. നിരന്തരമായ ആക്രമണങ്ങൾ ഗസ്സയിലെ കായിക അടിസ്ഥാന സൗകര്യങ്ങളെയും കളിസ്ഥലങ്ങളെയും പൂർണ്ണമായി തകർത്തിരിക്കുകയാണ്.

​അമേരിക്കയിലും കാനഡയിലുമായി 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ പുരോഗമിക്കുന്ന വേളയിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകർ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദികളിൽ രംഗത്തെത്തുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം ഉണ്ടായിരിക്കുന്നത്.

Tags

Share this story