ഒളിവിൽ കഴിയുന്ന ഭീകരവാദിക്ക് പാസ്‌പോർട്ട് നൽകില്ല; ശൈഖ് ഹസീനയുടെ മടങ്ങി വരവ് തള്ളി ബംഗ്ലാദേശ് സർക്കാർ

ഷെയ്ഖ് ഹസീന

ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ തിരിച്ചുവരവിനുള്ള സാധ്യതകൾ തള്ളി ബംഗ്ലാദേശ് സർക്കാർ. ഹസീനയുടെ സമീപകാല നീക്കങ്ങൾ രാഷ്ട്രീയ നാടകങ്ങൾ മാത്രമാണെന്നും അവർ രാജ്യത്തേക്ക് മടങ്ങിവരാൻ ഉദ്ദേശിക്കുന്നില്ലെന്നും ബംഗ്ലാദേശ് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് അമീനുൽ ഇസ്‌ലാം വ്യക്തമാക്കി. പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി ഹസീന ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയെ സമീപിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് സർക്കാരിന്റെ പ്രതികരണം.

വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഹസീനയുടെ നീക്കങ്ങൾ രാഷ്ട്രീയമായ ശ്രദ്ധ നേടാനുള്ള ശ്രമങ്ങൾ മാത്രമാണെന്ന് അമീനുൽ ഇസ്‌ലാം പറഞ്ഞു. ബംഗ്ലാദേശിലേക്ക് മടങ്ങിവരാൻ ആവശ്യമായ നിയമനടപടികളൊന്നും അവർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പുതിയ പാസ്‌പോർട്ടിനായി അപേക്ഷിച്ചെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോഴും ഹസീനയുടെ മടങ്ങിവരവ് ഇപ്പോൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്.

ഹസീനക്ക് യാത്രാരേഖകളോ പുതിയ പാസ്‌പോർട്ടോ അനുവദിക്കുന്ന കാര്യം പരിഗണിക്കില്ലെന്ന കടുത്ത നിലപാടാണ് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ നേരത്തെ സ്വീകരിച്ചത്. ഹസീനയെ ‘ഒളിവിൽ കഴിയുന്ന ഭീകരവാദി’, ‘ഏകാധിപതി’ എന്നീ വിശേഷണങ്ങളോടെയാണ് അദ്ദേഹം വിമർശിച്ചത്. ഇതോടെ അവരുടെ മടങ്ങിവരവിനുള്ള നീക്കങ്ങൾക്ക് ബംഗ്ലാദേശ് സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പാണ് നേരിടേണ്ടിവരുന്നത്.

2024 ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ടതോടെയാണ് ശൈഖ് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലെത്തിയത്. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഉത്തരവിട്ടെന്ന കുറ്റത്തിന് ഹസീനയെ അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച ഹസീന, വിചാരണയുടെ നിയമസാധുതയെയും ചോദ്യം ചെയ്തിട്ടുണ്ട്. ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കൈമാറൽ അപേക്ഷയും നൽകിയിട്ടുണ്ട്. അപേക്ഷ ലഭിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൈമാറുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിലവിൽ ഇന്ത്യയിൽ തുടരുന്ന ഹസീന അടുത്തിടെയാണ് ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചത്.

Tags

Share this story